ന്യൂഡല്‍ഹി: കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണ് നഷ്ടമാകും. ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പന്ത് മുംബൈയില്‍ ചികിത്സയിലാണ്. അടുത്ത ആറ് മാസം താരത്തിന് വിശ്രമം അനിവാര്യമാണ്.
“ഐപിഎല്ലില്‍ പന്തിന്റെ സേവനം ഉണ്ടാകില്ല. ഞാന്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെടുന്നുണ്ട്. പന്തിന്റെ അസാന്നിധ്യം തീര്‍ച്ചയായും ടീമിനെ ബാധിക്കും,” ഗാംഗുലി സ്പോട്സ് ടുഡെയോട് പറഞ്ഞു.
2019-ല്‍ ഗാംഗുലി ഡല്‍ഹിയും ഭാഗമായിരുന്നു, ഉപദേശകന്റെ റോളിലായിരുന്നു അന്നെത്തിയത്. പക്ഷെ ബിസിസിഐ അധ്യക്ഷ സ്ഥാനം ലഭിച്ചതോടെ അദ്ദേഹത്തിന് ഉപദേശക സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു.
ശ്രേയസ് അയ്യരിന് പരിക്ക് പറ്റിയതിന് പിന്നാലെ 2021-ലാണ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനത്തേക്ക് എത്തിയത്. അന്ന് ടീമിനെ പ്ലെ ഓഫിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. എന്നാല്‍ 2022 സീസണില്‍ ലീഗ് സ്റ്റേജ് കടക്കാന്‍ ഡല്‍ഹിക്കായില്ല.
ഡിസംബര്‍ 30-നായിരുന്നു പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. റൂര്‍ക്കിലെ തന്റെ വസതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ പന്തിനെ ആദ്യ ഡെറാഡൂണിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
“റിഷഭ് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ചികിത്സ ചെലവുകൾ ബിസിസിഐ ഏറ്റെടുക്കും. കൂടുതൽ ചികിത്സയ്ക്കായി പന്തിനെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു,” ബിസിസിഐ സെക്രട്ടറി ജയ് ഷാ ഈ വർഷം ആദ്യം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.