ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യ പരിഗണന ലഭിക്കേണ്ടത് റിഷഭ് പന്തിനെന്ന് വൃദ്ധിമാന്‍ സാഹ. സാഹയും ഇരുപതംഗ ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ ഡിസംബറില്‍ അഡ്ലെയിഡില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിന് ശേഷം സാഹ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ്. മികച്ച് ഫോം പരിഗണിക്കുമ്പോള്‍ പന്ത് സ്വാഭാവികമായും ആദ്യ ഇലവനില്‍ സ്ഥാനം നേടുമെന്നും താരം പറഞ്ഞു.
“ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസാനം കളിച്ച മത്സരങ്ങളിലെല്ലാം റിഷഭ് നന്നായി കളിച്ചു. ഇംഗ്ലണ്ടില്‍ പന്ത് തന്നെ ആയിരിക്കണം ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഞാന്‍ അവസരത്തിനായി കാത്തിരിക്കും, ലഭിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തും. ആ ഒരു അവസരത്തിനായി ഞാന്‍ പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കും,” സ്പോട്സ്കീഡയോട് സാഹ പറഞ്ഞു.
Also Read: ഐപിഎല്‍ നടത്തുന്നതിനായി ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല: ഇസിബി
ഇന്ത്യയുടെ മൂന്നാം വിക്കറ്റ് കീപ്പറായി ആന്ധ്ര പ്രദേശ് താരം കെഎസ് ഭരത്തിന് ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ പരമ്പരയിലും ഭരത് ഭാഗമായിരുന്നെന്ന് സാഹ പറഞ്ഞു. കോവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയതെന്നാണ് സാഹയുടെ നിഗമനം.
ഐപിഎല്ലിനിടെ കോവിഡ് ബാധിച്ചതിനെക്കുറിച്ചും താരം പ്രതികരിച്ചു. “ഞാന്‍ പോസിറ്റീവ് ആകുന്നതിന് തലേ ദിവസം, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ടീമിലുള്‍പ്പെട്ടവരില്‍ രോഗലക്ഷണം കണ്ടിരുന്നു. അതിന് രണ്ട് ദിവസം മുന്‍പാണ് ചെന്നൈയുമായി മത്സരം നടന്നത്. ഞാന്‍ മൈതാനത്തുണ്ടായിരുന്നു. ചെന്നൈ താരങ്ങളുമായി പരിശീലന സമയത്ത് സംസാരിക്കുകയും ചെയ്തു. ഇതായിരിക്കാം കോവിഡ് പിടിപെടാന്‍ ഇടയായ കാരണം,” സാഹ കൂട്ടിച്ചേര്‍ത്തു