ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റേയും ഇതിഹാസ താരം വിരേന്ദര്‍ സേവാഗിന്റേയും കരിയര്‍ സാമ്യതകള്‍ നിറഞ്ഞതാണ്. സേവാഗിന്റെ ഇടം കയ്യന്‍ പതിപ്പാണ് പന്തെന്നാണ് വിലയിരുത്തലുകള്‍. 2016 അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനമായിരുന്നു പന്തിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്ത് വിജയക്കൊടി പാറിക്കുമെന്ന് പ്രവചനങ്ങളുണ്ടായി. ചെറിയ ഫോര്‍മാറ്റിന് അനുയോജ്യമായിരുന്നു താരത്തിന്റെ ബാറ്റിങ് സ്റ്റൈല്‍. സേവാഗ് തന്നെ ഇത് സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമുള്ള ആദ്യ സീസണുകള്‍ക്കൊണ്ട് തന്നെ പന്ത് തന്റെ മികവ് ലോകത്തിന് മുന്നില്‍ തെളിയിച്ചു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റിലായിരുന്നു താരം ശോഭിച്ചത്. അതുകൊണ്ട് തന്നെ ഏകദിനത്തിലും ട്വന്റി 20 യിലും ഓപ്പണിങ് സ്ലോട്ടിലേക്ക് വളരെ വിരളമായി മാത്രമാണ് പന്തിനെ പരീക്ഷിച്ചിട്ടുള്ളത്. കെ എല്‍ രാഹുലില്‍ തന്നെയായിരുന്നു ബിസിസിഐ ഉറച്ച് നിന്നതും.
ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത് സാവധാനം ഉയരങ്ങളിലേക്ക് എത്തി. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പ്രതികൂല സാഹചര്യത്തിലും അനായാസം പന്തിന് തിളങ്ങാന്‍ കഴിഞ്ഞു. പക്ഷെ ലിമിറ്റ് ഓവര്‍ ക്രിക്കറ്റില്‍ താരത്തിന്റെ മികച്ച ഇന്നിങ്സ് ഇതുവരെ പിറന്നിട്ടില്ല. നിലവില്‍ ടീമിലെ പന്തിന്റെ സ്ഥാനത്ത് വെല്ലുവിളികള്‍ ഉയരുന്നുണ്ട്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ മികച്ച പ്രകടനമാണ് ഇതിന് കാരണം.
മുന്‍ ഇന്ത്യന്‍ താരം ചന്ദു ബോര്‍ദേയ്ക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഇന്ത്യന്‍ ടീമില്‍ പന്തിന് മത്സരമില്ലാ എന്നാണ് ചന്ദുവിന്റെ അഭിപ്രായം.
“ടീമിനുള്ളില്‍ തന്നെ വലിയ മത്സരമുണ്ട്. നന്നായി കളിക്കുന്നവര്‍ ടീമിന്റെ ഭാഗമാകും. ആത്മാര്‍ഥമായി പറയട്ടെ, റിഷഭ് പന്തിന് ടീമില്‍ മത്സരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ടീമിലെ സുപ്രധാന ഘടകമാണ്. അത് തുടരും. ഒരു ഫിനിഷര്‍ മാത്രമല്ല, ഏത് സമയത്തും കളിയുടെ ഗതി തിരിക്കാന്‍ കഴിയുന്ന താരമാണ് പന്ത്. ഏത് സ്ഥാനത്ത് കളിക്കാനും കഴിയും,” ദിനേഷ് കാര്‍ത്തിക്കിന്റെ വരവോടെ പന്തിന്റെ ടീമിലെ സ്ഥാനത്തിന് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യ ടിവിയോട് പ്രതികരിക്കുകയായിരുന്നു ചന്ദു.