ന്യൂഡല്‍ഹി: റിഷഭ് പന്തിന് ലഭിക്കുന്ന ചികിത്സയില്‍ സംതൃപ്തി അറിയിച്ച് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) ഡയറക്ടര്‍ ശ്യാം ശര്‍മ. പന്തിനെ മാക്സ് ഹോസ്പിറ്റലില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”പന്തിനെ ഡോക്ടര്‍മാര്‍ നല്ല രീതിയില്‍ പരിചരിക്കുന്നുണ്ട്. ബിസിസിഐയും അവരുമായി ബന്ധപ്പെടുന്നുണ്ട്. താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ നിരീക്ഷണമാണ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പന്ത് ഈ ആശുപത്രിയില്‍ തന്നെ തുടരും,” ശ്യാം ശര്‍മ പറഞ്ഞു.
റോഡിലെ കുഴിയില്‍ വണ്ടി ചാടാതെ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പന്ത് പറഞ്ഞതായും ശ്യാം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബോളിവുഡ് നടന്മാരായ അനില്‍ കപൂറും അനുപം ഖേറും താരത്തെ സന്ദര്‍ശിച്ചിരുന്നു.
പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരാധകരെന്ന നിലയിലാണ് സന്ദര്‍ശിച്ചതെന്നും അനില്‍ കപൂര്‍ പറഞ്ഞു. താരത്തിന്റെ അമ്മയേയും ബന്ധുക്കളേയും കണ്ടതായി എല്ലാവരും നന്നായി ഇരിക്കുന്നെന്നും അനുപം ഖേര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം വച്ചാണ് പന്ത് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പന്ത് ഡ്രൈവ് ചെയ്തിരുന്ന കാർ റോഡിലെ ഡിവൈഡറുകളിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ആദ്യം റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലുതു കാല്‍മുട്ടിന്റെ ലിഗമന്റില്‍ കീറല്‍ സംഭവിച്ചതായും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഇന്നലെ അറിയിച്ചിരുന്നു.
ഇതിനു പുറമെ പന്തിന്റെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവിടങ്ങളില്‍ പരിക്കുകളും മുതുകിൽ ഉരച്ചിലുണ്ടായിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.