ന്യൂഡല്‍ഹി: കാര്‍ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലുതു കാല്‍മുട്ടിന്റെ ലിഗമന്റില്‍ കീറല്‍ സംഭവിച്ചതായും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അറിയിച്ചു.
ഇതിനു പുറമെ പന്തിന്റെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവിടങ്ങളില്‍ പരിക്കുകളും മുതുകിൽ ഉരച്ചിലുണ്ടായിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പന്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. നിലവില്‍ താരം ഇപ്പോൾ ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലിലാണ്. പരിക്കിന്റെ വ്യാപ്തി വ്യക്തമാകുന്നതിനായി പന്തിനെ എംആര്‍ഐ സ്കാനിങ്ങിന് വിധേയനാക്കും. ശേഷമായിരിക്കും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക.
നിലവിൽ പന്തിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ബിസിസിഐ മെഡിക്കൽ സംഘം ബന്ധപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിന്ന് പുറത്തുവരാൻ പന്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു.
പ്രാഥമിക നിരീക്ഷണത്തില്‍ പന്തിന് ഗുരുതര പരുക്കുകള്‍ ഒന്നുമില്ലെ മാക്സ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആശിഷ് യാഗ്നിക്ക് പറഞ്ഞു.
“അദ്ദേഹത്തെ ഒരു സംഘം ഡോക്ടർമാര്‍ നിരീക്ഷിക്കുന്നുണ്ട്. ചില പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയു. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്, കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. ഡോക്ടർമാര്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പരിക്കുകളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. പ്രഥമദൃഷ്ട്യാ സാരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ഓർത്തോപീഡിക്, പ്ലാസ്റ്റിക് സർജൻ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുകയാണ്,” ഉടൻ തന്നെ മെഡിക്കല്‍ ബുള്ളറ്റിൻ പുറപ്പെടുവിക്കുമെന്നും യാഗ്നിക് പറഞ്ഞു.
ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം വച്ചാണ് പന്ത് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പന്ത് ഡ്രൈവ് ചെയ്തിരുന്ന കാർ റോഡിലെ ഡിവൈഡറുകളിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.
ആദ്യം റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പന്ത് അപകടനില തരണം ചെയ്തു. താരത്തിന്റെ തലയ്ക്കും വലതു കണങ്കാലിന്റെ ലിഗമെന്റിനും പരിക്കേറ്റതായുമാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
ഹരിദ്വാർ ജില്ലയിലെ മംഗലാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്പൂർ ജാട്ടിന് സമീപം പുലർച്ചെ 5.30 ന് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതായാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഉടൻ തന്നെ 108 ആംബുലൻസും ലോക്കൽ പോലീസും ചേർന്ന് റൂർക്കിയിലെ സക്ഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് താരത്തിന് പ്രാഥമിക ചികിത്സ നല്‍കിയത്.
അപകടം സംഭവിക്കുമ്പോള്‍ പന്തായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്താണ് പന്ത് പുറത്തെത്തിയത് ഉടന്‍ തന്നെ കാറിന് തീപിടിക്കുകയും പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.
“കാർ അപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്തിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, താരത്തിന് ശരിയായ ചികിത്സയ്ക്ക് സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മുഖ്യമന്ത്രി, ചികിത്സയുടെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ആവശ്യമെങ്കിൽ എയർ ആംബുലൻസും നൽകും,” സംസ്ഥാന സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഫെബ്രുവരിയില്‍ നടക്കാനിരിക്കെ ശാരീരിക ക്ഷമത കൂടുതല്‍ ശക്തപ്പെടുത്തുന്നതിനായി പന്തിന് ഇടവേള നല്‍കിയിരിക്കുകയായിരുന്നു. അതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.