കഴിഞ്ഞ ദിവസം രാത്രിയാണ് തന്റെ കുഞ്ഞാരാധികയുടെ മരണ വാര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അര്‍ബുദം ബാധിച്ചായിരുന്നു ആനി എന്ന പെണ്‍കുട്ടി മരണപ്പെട്ടത്. എന്നാല്‍ മരിച്ചത് മില്ലറുടെ മകളാണെന്നാണ് നെറ്റിസണ്‍സ് ധരിച്ചിരുന്നത്.
ആര്‍ഐപി യു ലിറ്റില്‍ റോക്ക് സ്റ്റാര്‍, നിന്നെ എന്നും സ്നേഹിക്കുന്നു എന്നായിരുന്നു മില്ലര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സ്റ്റോറിയുടെ ക്യാപ്ഷന്‍.
ആനിക്കൊപ്പമുള്ള ചിത്രത്തില്‍ ഹൃദ്യമായ വാക്കുകളും താരം ചേര്‍ത്തിരുന്നു.
“നിന്നെ ഞാന്‍ ഒരുപാട് മിസ് ചെയ്യും. പോരാട്ടത്തെ നി മറ്റൊരു തലത്തിലെത്തിച്ചു. എപ്പോഴും നിന്റെ മുഖത്ത് ചിരി മാത്രമായിരുന്നു. നിന്റെ യാത്രയില്‍ എല്ലാവരേയും വെല്ലുവിളികളേയും നീ സ്വീകരിച്ചു,” മില്ലര്‍ കുറിച്ചു.
“ജീവിതത്തിലെ ഓരോ നിമിഷവും എങ്ങനെ ആഘോഷിക്കണമെന്ന് നി എന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ജീവിതത്തില്‍ ഒപ്പം കൂടാന്‍ സാധിച്ചതില്‍ സന്തോഷം. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ആര്‍ഐപി,” താരം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമാണ് മില്ലര്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലാണ്.