ന്യൂഡല്‍ഹി: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ത്തിലുള്ള ആശുപത്രിയിലാണ് പോണ്ടിങ്ങിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ഓസ്ട്രേലിയയും – വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് മത്സരത്തിന്റെ കമന്ററി പറയുന്നതിനിടെയാണ് പോണ്ടിങ്ങിന് അസ്വാസ്ഥ്യം ഉണ്ടായത്. ഉച്ചയ്ക്കുള്ള ഇടവേളയിലാണ് സംഭവം. അടുത്ത സെഷനുകളില്‍ പോണ്ടിങ് കമന്ററി പറയില്ലെന്ന് ചാനല്‍ 7 വക്താവ് അറിയിച്ചിട്ടുണ്ട്.
പോണ്ടിങ്ങിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും പോണ്ടിങ് ആശുപത്രി വിടുക.
ഓസ്ട്രേലിയക്കായി 168 ടെസ്റ്റ് കളിച്ച പോണ്ടിങ് 13, 378 റണ്‍സ് നേടിയിട്ടുണ്ട്. 51.85 ശരാശരിയിലാണ് നേട്ടം. 41 ശതകങ്ങളും സ്വന്തമാക്കി.
ഏകദിനത്തില്‍ 375 മത്സരങ്ങളാണ് പോണ്ടിങ് കളിച്ചത്. 42.03 ശരാശരിയില്‍ 30 സെഞ്ചുറിയുടെ അകമ്പടിയോടെ 13,704 റണ്‍സ് നേടി.
1999, 2003, 2007 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമായിരുന്നു. 2003, 2007 ലോകകപ്പുകളില്‍ പോണ്ടിങ്ങായിരുന്നു ടീമിനെ നയിച്ചിരുന്നത്.