കൊളംബോ: ദീപക് ചഹര്‍, ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയസാധ്യത പോലും ഇല്ലായിരുന്ന സാഹചര്യത്തില്‍ നിന്ന് ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തിയ താരം. എന്നാല്‍ തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റെല്ലാം മുഖ്യ പരിശീലകനായ ദ്രാവിഡിന് നല്‍കിയിരിക്കുകയാണ് താരം.
276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 160-6 എന്ന സ്കോറില്‍ തോല്‍വിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ചഹര്‍ ക്രീസിലെത്തിയത്. ഭുവനേശ്വര്‍ കുമാറിനേയും കൂട്ടു പിടിച്ച് 84 റണ്‍സാണ് വലം കൈയന്‍ ബാറ്റ്സ്മാന്‍ ചേര്‍ത്തത്. ഒടുവില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ഉജ്ജ്വല ജയവും.
“ഇതിലും നന്നായി രാജ്യത്തിന് വിജയം സമ്മാനിക്കാനാകില്ല. ശ്രദ്ധയോടെ കളിക്കാന്‍ രാഹുല്‍ സര്‍ എന്നോട് പറഞ്ഞു. അദ്ദേഹം ഇന്ത്യ എയുടെ പരിശീലകനായിരുന്നപ്പോള്‍ എനിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. എന്റെ ബാറ്റിങ്ങില്‍ അദ്ദേഹത്തിന് വിശ്വാസമുണ്ടെന്നാണ് തോന്നുന്നത്,” മത്സരശേഷം ചഹര്‍ പറഞ്ഞു.
“ഏഴാം നമ്പരില്‍ ബാറ്റ് ചെയ്യാന്‍ മാത്രം മികവെനിക്കുണ്ടെന്ന് രാഹുല്‍ സര്‍ പറഞ്ഞു. അദ്ദേഹത്തിന് വിശ്വാസമുണ്ട്. അടുത്ത മത്സരങ്ങളില്‍ എനിക്ക് ബാറ്റ് ചെയ്യാന്‍ അവസരമുണ്ടാകാതിരിക്കട്ടെ. 50 റണ്‍സിന് താഴെ വിജയലക്ഷ്യം എത്തിയപ്പോഴാണ് ജയിക്കാന്‍ കഴിയുമെന്ന് തോന്നിയത്,” ചഹര്‍ കൂട്ടിച്ചേര്‍ത്തു.
82 പന്തില്‍ 69 റണ്‍സാണ് ചഹര്‍ നേടിയത്. ആദ്യമായാണ് ചഹര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി കുറിക്കുന്നത്. ഇതിന് മുന്‍പ് രാജ്യാന്തര ക്രിക്കറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 12 റണ്‍സായിരുന്നു.
“എന്റെ മനസില്‍ ഒരു കാര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തരമൊരു ഇന്നിങ്സിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ടീമിനെ വിജയിപ്പിക്കാനായതാണ് ഏറ്റവും വലിയ കാര്യം,” ചഹര്‍ വ്യക്തമാക്കി. ചഹറിന് പുറമെ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി.
Also Read: India vs Sri Lanka 2nd ODI: പോരാളിയായി ദീപക് ചഹര്‍; ഇന്ത്യക്ക് ജയം, പരമ്പര