ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ നായക മികവിനെ പ്രശംസിച്ച് ദേശിയ ടീം മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.
“കെഎല്‍ രാഹുല്‍, സഞ്ജു സാംസണ് എന്നിവരുടെ നായക മികവും ദ്രാവിഡ് എടുത്തു പറഞ്ഞു. ഐപിഎല്ലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാര് മികച്ച പ്രകടനം കാഴ്ചവച്ചത് നല്ലതാണ്. ഹാര്‍ദിക് അവരില്‍ ഒരാളാണ്. രാഹുല്‍ ലഖ്നൗവിനെ നന്നായി നയിച്ചു, സഞ്ജു രാജസ്ഥാനെയും. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശ്രേയസ് അയ്യരും. ഇത് താരങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും. വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഇത് ഗുണം ചെയ്യും,” ദ്രാവിഡ് വ്യക്തമാക്കി.
“ഹാര്‍ദിക് പാണ്ഡ്യയുടെ ബോളിങ്ങിനെയാണ് ഉറ്റുനോക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. ഹാര്‍ദിക് ബോളിങ് ആരംഭിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. ടീമിന്റെ ആഴം എത്രത്തോളം അത് വര്‍ധിപ്പിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും അദ്ദേഹത്തിന്റെ മികച്ചത് പുറത്തെടുപ്പിക്കുക എന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു,” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ അതിവേഗ ബോളുകള്‍ക്കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഉമ്രാന് മാലിക്കിനെക്കുറിച്ചും ദ്രാവിഡ് പറഞ്ഞു. “ഉമ്രാനാണ് ഐപിഎല്ലില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം. ഇന്ത്യന്‍ ബോളര്‍മാര്‍ വേഗത്തില്‍ പന്തെറിയുന്നത് ആവേശം നല്കുന്ന ഒന്നാണ്. തീര്‍ച്ചായയും അയാള്‍ വളര്‍ച്ചയുടെ പാതയിലാണ്. എത്രസമയം ഉമ്രാന് കൊടുക്കാന്‍ കഴിയുമെന്ന് നോക്കുകയാണ്. കളിക്കാര്‍ക്ക് സ്ഥിരത നല്കാന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍,” ദ്രാവിഡ് പറഞ്ഞു.
Also Read: ‘ഇതിഹാസങ്ങള്‍ക്കു മുകളില്‍ ഞാന്‍ കണ്ടയാള്‍’; ഇഷ്ട താരമാരെന്ന് വെളിപ്പെടുത്തി ഹാര്‍ദിക്