ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. നായക മികവുകൊണ്ടും ബാറ്റിങ് ശൈലിയാലും ആരാധകരെ സൃഷ്ടിച്ചെടുത്ത ക്രിക്കറ്റര്‍. എന്നാല്‍ ധോണി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതും അദ്ദേഹത്തിന്റെ സ്കോറിങ്ങിലെ മെല്ലപ്പോക്കിനാലാണ്.
പരിശീലകന് രവി ശാസ്ത്രി ധോണിയുടെ സമീപനത്തില്‍ പ്രകോപിതനായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് പരിശീലകന് ആര് ശ്രീധര്‍. അദ്ദേഹത്തിന്റെ പുസ്തകമായ ‘കോച്ചിങ് ബിയോണ്ട്: മൈ ഡെയിസ് വിത്ത് ദി ഇന്ത്യ ക്രിക്കറ്റ് ടീം’-ലാണ് വെളിപ്പെടുത്തല്‍.
ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലായിരുന്നു സംഭവം. ജോ റൂട്ടിന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് 323 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 60 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റും നഷ്ടമായി. അന്നത്തെ നായകന് വിരാട് കോഹ്ലിയും സുരേഷ് റെയ്നയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.
80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിന് ശേഷം കോഹ്ലി മടങ്ങി, വൈകാതെ റെയ്നയും പവലിയനിലെത്തി. “കളിയുടെ അവസാന 10 ഓവറുകളിലേക്കെത്തിയപ്പോള്‍ ധോണിക്ക് കൂട്ടായി ബോളര്‍മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഓവറില്‍ 13 റണ്‍സ് വച്ച് വേണമായിരുന്നു വിജയിക്കാന്‍. പക്ഷെ ധോണി ക്രീസിലുണ്ടായിട്ടും ആദ്യ ആറ് ഓവറില്‍ നേടാന്‍ കഴിഞ്ഞത് 20 റണ്‍സ് മാത്രമായിരുന്നു. ആ ഏകദിനത്തിലാണ് ധോണി 10,000 റണ്‍സ് തികച്ചത്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ഞങ്ങളെല്ലാം സന്തോഷിച്ചു. പക്ഷെ ലക്ഷ്യത്തിലേക്കെത്താന്‍ എന്തുകൊണ്ട് ധോണി ശ്രമിച്ചില്ല എന്ന് അറിയാനും ഞങ്ങള്‍ ആഗ്രഹിച്ചു,” ശ്രീധര്‍ എഴുതി.
59 പന്തില്‍ നിന്ന് 37 റണ്‍സാണ് ധോണി നേടിയത്. ഇന്നിങ്സില്‍ ഉള്‍പ്പെട്ടത് കേവലം രണ്ട് ബൗണ്ടറികള്‍ മാത്രം. ധോണിയുടെ സമീപനത്തില്‍ ശാസ്ത്രി പ്രകോപിതനായതും ശ്രീധര്‍ ഓര്‍ത്തെടുത്തു.
“രവിക്ക് വല്ലാത്ത ദേഷ്യം വന്നു. അത് 86 റണ്‍സിന് തോറ്റതുകൊണ്ട് മാത്രമല്ല. ഒരു പോരാട്ടം പോലും നടത്താതെ പരാജയപ്പെട്ടതിലാണ്. വിജയലക്ഷ്യത്തിലേക്ക് അടുക്കാന്‍ പോലും ശ്രമിച്ചില്ല,” ശ്രീധര്‍ കുറിച്ചു.
മത്സരശേഷം നടന്ന ടീം മീറ്റിങ്ങിനെക്കുറിച്ചും ശ്രീധര്‍ വിവരിച്ചു.
“പരമ്പരയിലെ ഡിസൈഡര്‍ ഹെഡിങ്ലിയില്‍ വച്ചായിരുന്നു. തലേന്നത്തെ ടീം മീറ്റിങ് സപ്പോര്‍ട്ട് സ്റ്റാഫടക്കം എല്ലാവരും എത്തി. രവി കടുത്ത വാക്കുകളിലേക്ക് കടക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ‘നിങ്ങൾ ആരായാലും, മത്സരം ജയിക്കാനായി ഒരു ശ്രമം പോലും നടത്താതെ തോൽക്കുന്ന മറ്റൊരു സന്ദർഭം ഉണ്ടാകരുത്. എനിക്ക് കീഴില്‍ അത് നടക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ, അത് എനിക്ക് കീഴിലെ അവരുടെ അവസാന മത്സരമായിരിക്കും. നിങ്ങൾക്ക് ഒരു കളി തോൽക്കാം, അതിൽ ലജ്ജിക്കേണ്ടതില്ല, പക്ഷേ പോരാടാതെ തോല്‍ക്കരുത്,’ രവി പറഞ്ഞു,”.