ട്വന്റി 20 ലോകകപ്പിന് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങിനിറക്കിയുള്ള പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുകയാണ് ഇന്ത്യ. പരീക്ഷണം വിജയിച്ചതായാണ് സൂര്യയുടെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ 24,11,76 എന്നിങ്ങനെയായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സ്കോറുകള്‍.
സ്ഥിരമായി ടോപ് ഓര്‍ഡറില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ തിരിച്ചടിയാകാന്‍ സാധ്യതയുടെ. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഹിത് ശര്‍മയെ ഓപ്പണിങ്ങിനിറക്കാനുള്ള എം എസ് ധോണിയുടെ തീരുമാനം ലോകക്രിക്കറ്റില്‍ തന്നെ വലിയ ചലനമുണ്ടാക്കി. ഇന്ന് രോഹിത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. ഓപ്പണിങ്ങിനിറങ്ങി ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ചുറി കുറിക്കാനും താരത്തിനായി.
2013 ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു രോഹിത് ആദ്യമായി ഓപ്പണിങ്ങിനിറങ്ങിയത്. അന്ന് സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയുടെ പേസ് ബോളിങ് നിരയ്ക്കെതിരെ 146 റണ്‍സ് പുറത്താകാതെ നേടി ദിനേഷ് കാര്‍ത്തിക്ക് മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. കാര്‍ത്തിക്കിനെ നാലാം സ്ഥാനത്തും രോഹിതിനെ ഓപ്പണിങ്ങിലും ഇന്ത്യ പരീക്ഷിച്ചു.
ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ ധോണിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ഇപ്പോള്‍. രോഹിതിനെ ഓപ്പണിങ്ങിനിറക്കാനുള്ള തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നിര്‍ണായകമായെന്ന് ശ്രീധര്‍ പറഞ്ഞു.
“ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിതിനെ ഓപ്പണിങ്ങിനിറക്കാനുള്ള തീരുമാനം ധോണിയാണ് എടുത്തത്. ദിനേഷ് കാര്‍ത്തിക്ക് സന്നാഹ മത്സരങ്ങളില്‍ മികവ് കാണിച്ചു. പക്ഷെ രോഹിതിനായിരുന്നു അവസരം ഒരുങ്ങിയത്. ധോണിയാണ് ആ നിര്‍ണായകമായ മാറ്റത്തിന് കാരണമായത്,” ശ്രീധര്‍ വ്യക്തമാക്കി.
ധോണി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രകടനമായിരുന്നു രോഹിത് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലെത്താനും രോഹിതിനായി. 177 റണ്‍സായിരുന്നു താരം ടൂര്‍ണമെന്റില്‍ നേടിയത്.