നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിലും ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധ സെഞ്ചുറി പോലും നേടാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് കഴിഞ്ഞിരുന്നില്ല. ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിന് ശേഷം കോഹ്ലിയുമായുള്ളം സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍.
“ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം ഞാനും വിരാടും വ്യക്തിപരമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ അങ്ങനെ ഇടയ്ക്കിടെ സംസാരിക്കുന്നവരാണെന്നല്ല, പക്ഷെ വിരാട് നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയതിനെ തുടര്‍ന്നാണ് സംസാരിച്ചത്”, അശ്വിന്‍ പറഞ്ഞു.
“ക്രീസില്‍ സമയം ചിലവിടാന്‍ കോഹ്ലിക്ക് സാധിക്കുന്നുണ്ടായിരുന്നു. മികച്ച തുടക്കം കിട്ടിയതിന് ശേഷമാണ് പുറത്തായിരുന്നത്. ആരെങ്കിലുമൊരാള്‍ തോളില്‍ കയ്യിട്ട് നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് പറയേണ്ടത് ആവശ്യകതയായിരുന്നു. കുറച്ച് നേരം കൂടി ക്രീസില്‍ തുടരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറി മറിയുമെന്ന വസ്തുത വ്യക്തമാക്കി കൊടുക്കേണ്ടയിരുന്നു. അത് എന്റെ ക്രിക്കറ്റ് ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്, വിരാടില്‍ നിന്ന് ഒരു വലിയ ഇന്നിങ്സ് വരുമെന്ന് എനിക്കറിയാമായിരുന്നു,” അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
നാലാം ടെസ്റ്റില്‍ കോഹ്ലി 186 റണ്‍സാണ് നേടിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കോഹ്ലി ടെസ്റ്റില്‍ സെഞ്ചുറി കുറിച്ചത്.
“ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നടന്ന ഏകദിനങ്ങളിലും വിരാട് മികച്ച ഇന്നിങ്സുകള്‍ പുറത്തെടുത്തിരുന്നു. വിരാട് നന്നായി ബാറ്റ് ചെയ്യുമ്പോള്‍ ടീമിന്റെ ആത്മവിശ്വാസവും ഉയരും,” അശ്വിന്‍ വ്യക്തമാക്കി. രോഹിത് ശര്‍മയുടേയും കോഹ്ലിയുടേയും സംഭാവന ടീമിന് വളരെ പ്രധാനപ്പെട്ടതാണെന്നും അവരുടെ ബാറ്റിങ് ഒരു ദിവസം മുഴുവന്‍ കാണാന്‍ എന്ത് വേണെങ്കിലും ചെയ്യാന്‍ താന്‍ തയാറാണെന്നും അശ്വിന്‍ പറഞ്ഞു.