ന്യൂഡല്‍ഹി: പ്രധാന താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങിയത്. ശിഖര്‍ ധവാന് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്, ഇഷാന് കിഷന്, രജത് പഠിതാര്‍ തുടങ്ങിയവരാണ് ബാറ്റിങ് നിരയിലുള്ളത്. ശര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍, ആവേശ് ഖാന്, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി എന്നിവര്‍ ബോളിങ് നിരയിലുമുണ്ട്.
ഭാവിതാരങ്ങളെന്ന് വിശേഷിപ്പിക്കുന്നവരുള്ള പട്ടികയില്‍ ഇടം പിടിക്കാന്‍ പൃഥ്വി ഷായ്ക്ക് മാത്രം കഴിഞ്ഞില്ല. മിഡ് ഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം തന്റെ നിരാശ തുറന്ന് പറയുകയും ചെയ്തു.
“ഞാന്‍ നിരാശനാണ്. റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ട്, പരിശ്രമിക്കുന്നുണ്ട്. പക്ഷെ അവസരം മാത്രം ലഭിക്കുന്നില്ല. ദേശീയ ടീമിന്റെ സെലക്ടര്‍മാര്‍ ഞാന്‍ ഫിറ്റാണെന്ന് തിരിച്ചറിയുമ്പോള്‍ വിളിക്കും. എന്തൊക്കെ അവസരം ലഭിച്ചാലും ഞാന്‍ എന്റെ പരമാവധി നല്‍കും,” ഷാ വ്യക്തമാക്കി.
“ഞാന്‍ എന്റെ ബാറ്റിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല, പക്ഷെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തി. ഏഴ്, എട്ട് കിലൊ വരെ കുറച്ചു. ജിമ്മില്‍ ഒരുപാട് സമയം ചെലവഴിച്ചു. മധുരവും തണുത്ത പാനിയങ്ങളും ഒഴിവാക്കി,” താരം കൂട്ടിച്ചേര്‍ത്തു.
സെയ്ദ് മുഷ്താഖ് അലി ട്രോഫിയാണ് താരം അടുത്തതായി കളിക്കാന്‍ ഒരുങ്ങുന്നത്.
“അഹമ്മദാബാദില്‍ കുറച്ച് പരിശീലന മത്സരങ്ങള്‍ കളിച്ചു. എല്ലാ താരങ്ങളും നല്ല ഫോമിലാണ്. ടീം വളരെ ശക്തമാണെന്നാണ് വിശ്വാസം. ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്,” താരം പറഞ്ഞു.