ലോകകപ്പില്‍ ഇന്ത്യയോടുളള മത്സരത്തിന് മുമ്പ് ഹൂക്ക വലിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു. സിന്ദ് ഹൈക്കോടതിയിലാണ് അബ്ദുല്‍ ജലീല്‍ മര്‍വത് എന്ന അഭിഭാഷകന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ത്യയോട് തോറ്റ മോശം പ്രകടനത്തിന് കാരണമാക്കിയത് താരങ്ങളുടെ ഹൂക്ക വലിയാണെന്ന് പരാതിയില്‍ പറയുന്നു.

പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയും ടെന്നീസ് താരവുമായി സാനിയ മിര്‍സയുടെ പേരും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധിക്കാത്തതാണ് ടീം പരാജയപ്പെടാൻ കാരണമെന്ന തരത്തില്‍ നേരത്തേ വിമർശനങ്ങൾ ഉയര്‍ന്നിരുന്നു.

Read More: ഭർത്താവ് മാലിക്കിനൊപ്പമുളള വീഡിയോ ചോദ്യം ചെയ്തയാളുടെ വായടപ്പിച്ച് സാനിയ മിർസ

സാനിയയും ശൊഐബ് മാലികും മകനും പാക് ക്രിക്കറ്റ് ടീമിലെ മറ്റ് ഏതാനും താരങ്ങളും മൽസരത്തിനു തൊട്ടുമുൻപുള്ള ദിവസം ഹൂക്ക വലിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹൂക്ക ബാറിൽ വച്ച് അറിയാതെ പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്നും ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സാനിയ ഇതിനോട് പ്രതികരിച്ചിരുന്നു.

താന്‍ കുട്ടിയെ ബാറിൽ കൊണ്ടുപോവാറില്ലെന്നും തങ്ങളുടെ വ്യക്തിപരമായ കാര്യം ലോകത്തിൽ വേറെയാരും അന്വേഷിക്കേണ്ടതില്ലെന്നും സാനിയ പറഞ്ഞു. മറ്റാരേക്കാളും തന്റെ മകന്റെ കാര്യം താൻ ശ്രദ്ധിക്കുന്നുണ്ട്. താൻ പാകിസ്താൻ ടീമിന്റെ ഡയറ്റീഷ്യനോ മാതാവോ, അധ്യാപികയോ, പ്രിൻസിപ്പലോ അല്ല – സാനിയ വ്യക്തമാക്കി. എപ്പോള്‍ ഉറങ്ങുന്നു, ഉണരുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു എന്ന നിങ്ങളുടെ ആധിക്ക് നന്ദി എന്ന് കുറിച്ച സാനിയ ട്വിറ്ററില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുക്കുകയാണെന്നും അറിയിച്ചു. കഫേയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമാണ് പാക്കിസ്ഥാനിലെ കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook