ലണ്ടന്‍: 1983 ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്ന നായകനാണ് കപില്‍ ദേവ്. അന്ന് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലേക്കുള്ള ഏറ്റവും നിര്‍ണായകമായ ഇന്നിങ്സായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സിംബാവെയ്ക്കെതിരെ നേടിയ സെഞ്ചുറി. പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ആ ഇന്നിങ്സ് ഇന്നും എക്കാലത്തേയും മികച്ച ഇന്നിങ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലേക്കുള്ള ചവിട്ടു പടിയെന്നതിനോളം തന്നെ ഒരു റെക്കോര്‍ഡിനു കൂടി കപിലിന്റെ ഇന്നിങ്സ് അര്‍ഹമായി. 150 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് അന്ന് കപില്‍ നേടിയത്. കാലം ഇത്രയും പിന്നിട്ടിട്ടും, ക്രിക്കറ്റ് കുറേക്കൂടി ബാറ്റിങ്ങിന് അനുകൂലമായി മാറിയിട്ടും 36 വര്‍ഷം ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡായി കപിലിന്റെ നേട്ടം തലയുയര്‍ത്തി നിന്നു. എന്നാല്‍ ഇന്ന് കപിലിന്റെ റെക്കോര്‍ഡ് പഴങ്കഥയായി മാറിയിരിക്കുകയാണ്.
പാക്കിസ്ഥാന് താരം ഇമാം ഉള് ഹഖാണ് കപിലിന്റെ റെക്കോര്‍ഡ് മറി കടന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഇമാം കപിലിനെ മറി കടന്നത്. ഇംഗ്ലണ്ടിനെതിരെ 131 പന്തില്‍ 151 റണ്‍സ് നേടിയ ഇമാമിന്റെ പ്രായം 23 വര്‍ഷവും 153 ദിവസവുമാണ്. കപിലിന് അന്ന് 24 വയസായിരുന്നു ഉണ്ടായിരുന്നത്. പാക്കിസ്ഥാനെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് ഇമാം.
ഇമാമിന്റെ സെഞ്ചുറിയുടെ മികവില്‍ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ നേടിയത് 358 റണ്‍സാണ്. നേരത്തെ നേടിയ 128 റണ്‍സായിരുന്നു ഇതുവരെ ഇമാമിന്റെ ഉയര്‍ന്ന സ്കോര്‍. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ ഒരു പാക് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ എന്ന നേട്ടവും ഇതോടെ ഇമാമിന്റെ പേരിലായി. ഫഖര്‍ സമാന്റെ 138 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇമാം മറി കടന്നത്.
ഇമാമിനൊപ്പം ആസിഫ് അലിയുടെ അര്‍ധ സെഞ്ചുറിയും ചേര്‍ന്നതോടെ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടാന്‍ പാക്കിസ്ഥാന് സാധിച്ചെങ്കിലും വിജയം ഇംഗ്ലണ്ട് തട്ടിയെടുത്തു. ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് തിരിച്ചടിച്ചത്. 74 പന്തില്‍ നിന്നും 128 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. ജെയ്സണ്‍ റോയി 55 പന്തില്‍ 76 റണ്‍സുമായി ബെയര്‍സ്റ്റോയ്ക്ക് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് 159 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ജോ റൂട്ട് 43 റണ്‍സും മോയിന്‍ അലി പുറത്താകാതെ 46 റണ്‍സും ചേര്‍ത്തതോടെ കളി ഇംഗ്ലണ്ടിന് അനുകൂലമാവുകയായിരുന്നു. നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ വിജയം.