പോരായ്മകളെക്കുറിച്ച് സംസാരിക്കാന്‍ ഏറെയുണ്ടാകാം. എന്നാല്‍ കൂട്ടായ പരിശ്രമവും തിരിച്ചുവരാനുള്ള ഊര്‍ജവും കൊണ്ട് പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവനിര. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ മുന്‍തൂക്കം റിഷഭ് പന്തിനും കൂട്ടര്‍ക്കും തന്നെയാണ്.
എട്ട് ദിവസങ്ങളും നാല് മത്സരങ്ങളും, മോശം പ്രകടനം കാഴ്ചവച്ചിട്ടും ടീമിന് പുറത്തിരുത്താതെ താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച പരിശീലകന് ദ്രാവിഡിന്റെ തന്ത്രമാണ് നിര്‍ണായകമായത്. ആദ്യ രണ്ട് കളികളിലും സര്വാധിപത്യത്തോടെയായിരുന്നു സന്ദര്‍ശകരുടെ വിജയങ്ങള്‍. അടിപതറി നിന്ന ഇന്ത്യയെ അല്ലായിരുന്നു മൂന്നും നാലും ട്വന്റി 20 കളില്‍ കണ്ടത്.
നാലാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ റെക്കോര്‍ഡ് ജയമായിരുന്നു നേടിയത്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ. ആവേശ് ഖാനും ഹര്‍ഷല്‍ പട്ടേലും തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നു, ഇതെല്ലാം പോസിറ്റീവ് വശങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത് യുസുവേന്ദ്ര ചഹല്‍ എന്ന സ്പിന്‍ മാന്ത്രികന്റെ പ്രകടനത്തിനായാണ്.
പരമ്പരയുടെ ക്ലൈമാക്സിലേക്ക് കടക്കുമ്പോള്‍ താരങ്ങളുടെ ഫോമും ശരീരഭാഷയും പരിശോധിക്കുമ്പോള്‍ നീലപ്പടയ്ക്കാണിപ്പോള് കാര്യങ്ങള്‍ അനുകൂലം. പരിക്ക് മൂലം നാലാം ട്വന്റി 20 യില്‍ കളം വിടേണ്ടി വന്ന നായകന് ടെമ്പ ബാവുമയ്ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ബാറ്ററെയായിരിക്കില്ല നല്ലൊരു നായകനെയായിരിക്കും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാവുക.
പുതുനിരയിലെ തലവേദനകളും ആശ്വാസവും
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, കെ. എല്‍. രാഹുല്‍ എന്നി മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നതിന്റെ സമ്മര്‍ദം റിഷഭ് പന്തിനേറയാണ്. അത് താരത്തിന്റെ വൃക്തിഗത പ്രകടനത്തേയും ബാധിക്കുന്നുണ്ട്. എന്നിരുന്നാലും പന്തിന്റെ സംഭാവനക്കുറവ് പരിഹരിക്കാന്‍ ഇന്ത്യന്‍ നിരയ്ക്ക് കഴിഞ്ഞു.
റുതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ എന്നിവരടങ്ങുന്ന മുന്‍നിരയില്‍ ദ്രാവിഡിന് ആശങ്കയുണ്ടാകാം. കാരണം, ഇഷാന് മാത്രമാണ് പരമ്പരയില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ളത്. ഗെയ്ക്വാദ് ഒരു കളിയില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും ശ്രേയസ് കാര്യമായ പിന്തുണ ബാറ്റിങ് നിരയ്ക്ക് നല്‍കിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
ശ്രേയസിന്റെ മോശം ഫോം സൂര്യകുമാര്‍ യാദവിന്റെ സാധ്യതകളെയാണ് ഉയര്‍ത്തുന്നത്. അയര്‍ലന്‍ഡിനെതിരായ പരമ്പര അതുകൊണ്ട് തന്നെ സൂര്യകുമാറിനും നിര്‍ണായകമാകും. ഒരിക്കല്‍ കൂടി നീലക്കുപ്പായത്തില്‍ വിക്കറ്റിന് പിന്നിലേക്ക് കാര്‍ത്തിക്കും എത്തുകയാണ്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് ഏറെക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞന്ന് പറയാം.
ബോളര്‍മാരിലേക്ക് എത്തിയാല്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്ന ഒന്ന്. പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സ്ഥിരതയോടെ പന്തെറിയുന്നതും ഭുവി തന്നെയാണ്. ആവേശ് ഖാന് ബൗണ്‍സറുകളും മികച്ച ലെങ്തിലുമൊക്കെ പന്തെറിഞ്ഞ് ഇന്ത്യയുടെ ആദ്യ അഞ്ച് പേസര്‍മാരില്‍ ഒന്നാകാനുള്ള സാധ്യത നിലനിര്‍ത്തുന്നുണ്ട്.
എന്നാല്‍ അക്സര്‍ പട്ടേല്‍ – ചഹല്‍ ദ്വയം ശോഭിക്കാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. മധ്യ ഓവറുകളുടെ ഉത്തരവാദിത്വം കാലങ്ങളായി സ്പിന്നര്‍മാര്‍ക്കാണ് ഇന്ത്യ നല്‍കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കണക്കു കൂട്ടലുകള്‍ തെറ്റി. 11-15 ഓവറുകളില്‍ ഇരുവരും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വിശാലമനസ്കരാവുകയാണ്.
Also Read: പകല്‍ ബംഗാളിനായി രഞ്ജി ട്രോഫിയില്‍, വൈകിട്ട് മന്ത്രി ഉദ്യോഗം; മനോജ് തീവാരി തിരക്കിലാണ്