കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ മുഖങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെന്ന നിലയില്‍ കോഹ്ലി വാഴ്ത്തപ്പെടുമ്പോള്‍ രോഹിതും ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
കോഹ്ലി ഇന്ത്യന്‍ നായക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ രോഹിതുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍.
എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളുന്ന വിധത്തിലാണ് രോഹിതിന്റേയും കോഹ്ലിയുടേയും ബന്ധം. കളത്തിന് അകത്തും പുറത്തും ഇരുവരുടേയും കൂട്ടുകെട്ട് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
അടുത്തിടെ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കി അഭിമുഖത്തില്‍ കോഹ്ലി രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
“എങ്ങനെ വലിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാമെന്ന് ഞങ്ങള്‍ സംസാരിക്കും. അത് ആവേശം നല്‍കുന്ന ഒന്നാണ്,” കോഹ്ലി പറഞ്ഞു.
“കളിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് എല്ലാ കാലത്തും ഒരുപോലെയായിരുന്നു. ഇന്ത്യയെ വിജയിപ്പിക്കുക പോരായ്മകള്‍ പരിഹരിക്കുക എന്നതാണ് ലക്ഷ്യം,” താരം കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോഹ്ലിയെ രോഹിത് എടുത്തുയര്‍ത്തുന്ന ദൃശ്യങ്ങള്‍ വലിയ സ്വീകാര്യത നേടിയിരുന്നു.