നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നായകമികവിനെക്കുറിച്ച് വ്യക്തമാക്കി മുന്‍താരവും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭീര്‍. വിരാട് കോഹ്ലിയുടെ ശൈലിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തമല്ല രോഹിതിന്റേതെന്നാണ് ഗംഭീറിന്റെ അഭിപ്രായം.
“രോഹിത് ശര്‍മ ഒരു ഗംഭീര ക്യാപ്റ്റനാണെന്ന് ഞാന്‍ എക്കാലവും വിശ്വസിച്ചിട്ടുണ്ട്. എന്നാല്‍ കോഹ്ലിയുടെ ശൈലിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തമല്ല രോഹിതിന്റെ നായകമികവ്. പ്രത്യേകിച്ചും ടെസ്റ്റില്‍. കോഹ്ലി തുടങ്ങി വച്ചത് രോഹിത് പിന്തുടരുകയാണ്,” ഗംഭീര്‍ വ്യക്തമാക്കി.
രോഹിതിന്റെ കീഴില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ 2-0 ന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഡല്‍ഹി ടെസ്റ്റില്‍ ആറ് വിക്കര്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂരില്‍ ഇന്നിങ്സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കി.
“ടെസ്റ്റില്‍ നയിച്ചപ്പോഴെല്ലാം കോഹ്ലി മികവ് തെളിയിച്ചിട്ടുണ്ട്. രോഹിത് സ്വന്തമായൊരു ശൈലി സൃഷ്ടിച്ചിട്ടില്ല. അശ്വിനേയും ജഡേജയേയും രോഹിത് ഉപയോഗിക്കുന്ന വിധം കോഹ്ലിയോട് സാമ്യമുള്ളതാണ്,” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റിലും ജഡേജയായിരുന്നു കളിയിലെ താരം. നാഗ്പൂരില്‍ ഏഴ് വിക്കറ്റുകളും 70 റണ്‍സും നേടിയപ്പോള്‍ ഡല്‍ഹിയില്‍ രണ്ട് ഇന്നിങ്സിലുമായി 10 തവണയാണ് ഓസീസ് ബാറ്റര്‍മാരെ ജഡേജ പവലിയനിലേക്ക് മടക്കിയത്.