1021 ദിവസമായി തുടരുന്ന സെഞ്ചുറി വരള്‍ച്ചയ്ക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അവസാനം കണ്ടു. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ 122 റണ്‍സാണ് താരം നേടിയത്. കോഹ്ലിയുടെ കരിയറിലെ ആദ്യ ട്വന്റി 20 ശതകം കൂടിയായിരുന്നു ഇത്.
2019 നവംബര്‍ 23 നായിരുന്നു കോഹ്ലി തന്റെ 70-ാം സെഞ്ചുറി നേടിയത്. പിന്നീടുള്ള 83 ഇന്നിങ്സുകളില്‍ ഒരു തവണ പോലും മൂന്നക്കം കടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 2022 ന്റെ തുടക്കം മുതല്‍ കോഹ്ലി മോശം ഫോമിലായിരുന്നു, ഐപിഎല്ലിലടക്കം താളം കണ്ടെത്താന്‍ മുന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വര്‍ഷത്തോളമായി പ്രകടനമികവ് ഇടിഞ്ഞ മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ ഇപ്പോള്‍ ടീമില്‍ പോലും ഉണ്ടാകില്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗൗതം ഗംഭീര്‍.
“മൂന്ന് വര്‍ഷം വളരെ നീണ്ട കാലയളവാണ്. ഞാന്‍ വിമര്‍ശിക്കുകകയല്ല, കോഹ്ലി വര്‍ഷങ്ങളായി നടത്തിയ മികച്ച പ്രകടനമാണ് ടീമില്‍ നിലനില്‍ക്കാന്‍ സഹായിച്ചത്. മൂന്ന് വര്‍ഷം ഒരു സെഞ്ചുറി പോലും നേടാതെ ഒരു താരത്തിനും ടീമില്‍ തുടരാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,” ഗംഭീര്‍ വ്യക്തമാക്കി.
“എന്നെങ്കിലും അത് സംഭവിക്കുമായിരുന്നു, അത കൃത്യസമയത്ത് തന്ന നടന്നു. ട്വന്റി 20 ലോകകപ്പിലേക്ക് കടക്കാനിരിക്കെയാണ് കോഹ്ലി സെഞ്ചുറി നേടിയത്. ഇപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, മൂന്ന് വര്‍ഷം ഒരു സെഞ്ചുറി പോലും നേടാതെ ഇന്ത്യന്‍ ടീമിന്റെ ഡ്രെസിങ് റൂമില്‍ ഒരു താരത്തിനും തുടരാനാകില്ല. അശ്വിന്‍, രഹാനെ, രോഹിത്, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്ത് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് വര്‍ഷം സെഞ്ചുറി നേടാതെ ടീമില്‍ തുടര്‍ന്ന മറ്റൊരു താരത്തേയും എനിക്കറിയില്ല, പക്ഷെ വിരാട് അത് നേടിയെടുത്തതാണ്,” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.