ട്വന്റി 20 ക്രിക്കറ്റിലെ കെ എല്‍ രാഹുലിന്റെ പ്രഹരശേഷി എല്ലാ കാലത്തും ചര്‍ച്ചയായിട്ടുണ്ട്. ടീമിന് ആവശ്യമായ രീതിയിലല്ല, വ്യക്തിഗത പ്രകടനത്തിനാണ് രാഹുല്‍ മുന്‍തൂക്കം നല്കുന്നതെന്നുമാണ് പ്രധാന വിമര്‍ശനം. മറ്റ് മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം 140 ന് മുകളിലാണ് ട്വന്റി 20 യില്‍ പ്രഹരശേഷി, രാഹുലിന്റേത് 127.96 ആണ്. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകള്‍ക്ക് മുന്നോടിയായി തന്റെ കളിയെ വിലയിരുത്തുകയാണ് രാഹുല്‍.
“ആരും പെര്‍ഫക്ടല്ല. എല്ലാവരും എന്തിനേലുമൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും ചെയ്യാന്‍ ഓരൊ റോള്‍ നല്‍കിയിട്ടുണ്ട്. ഒരു ബാറ്റര്‍ 200 പ്രഹരശേഷിയില്‍ കളിച്ചിട്ടുണ്ടെന്നോ, അല്ലെങ്കില്‍ 120 പ്രഹരശേഷിയില്‍ മത്സരം വിജയിപ്പിച്ചിട്ടുണ്ടോ എന്നും ആരും നോക്കാറില്ല. മുഴുവനായിട്ടുള്ളതിനെ അടിസ്ഥാനമാക്കിയാണ് എല്ലാവരും പറയുന്നത്, അപ്പോഴാണ് കുറവായി തോന്നുന്നതും,” രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പരിക്കില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം തന്റെ പഴയ മികവിലേക്ക് ഉയരാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കുറച്ച് മത്സരങ്ങള്‍ ആവശ്യമായ വന്നിരുന്നെന്ന് രാഹുല്‍ തുറന്ന് പറഞ്ഞു.
“കളത്തില്‍ അല്‍പ്പം സമയം ചിലവഴിക്കുക എന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. ഏഷ്യ കപ്പും സിംബാബ്വെയ്ക്കെതിരായ പരമ്പരയും എന്നെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ വെല്ലുവളി നേരിടാന്‍ തയാറാണ്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍, പ്രത്യേകിച്ചും ലോകകപ്പുകളിലും ഏഷ്യ കപ്പിലും ഇന്ത്യയുടെ പരാജയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടും ഇന്ത്യന്‍ ഓപ്പണര്‍ പ്രതികരിച്ചു.
“ഒരു താരത്തെ സംബന്ധിച്ചടത്തോളം ക്യാപ്റ്റന്‍, പരിശീലകന്, സഹതാരങ്ങള്‍ എങ്ങനെയാണ് അയാളെ കാണുന്നതെന്നതാണ് പ്രധാനം. ഒരാള്‍ക്ക് നല്‍കിയിരിക്കുന്ന റോള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് മാത്രമെ അറിയുകയുള്ളു. അത്തരമൊരു അന്തരീക്ഷമാണ് ടീമിനുള്ളിലുള്ളത്. അതുകൊണ്ട് തന്നെ പരാജയപ്പെടുന്നത് താരങ്ങള്‍ ഭയപ്പെടുന്നില്ല,” രാഹുല്‍ പറഞ്ഞു.
“വിമര്‍ശനങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടാകാറുണ്ട്. ഞങ്ങള്‍ സ്വയം വിമര്‍ശിക്കുന്നതിന്റെ അത്രയും വരില്ല മറ്റ് വിമര്‍ശനങ്ങള്‍. ഞങ്ങള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്, ലോകകപ്പ് സ്വന്തമാക്കുക എന്നത് മാത്രമാണ് മനസിലുള്ളത്. നന്നായി കളിച്ചില്ലെങ്കില്‍, അത് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് ഞങ്ങളെ തന്നെയാണ്,” രാഹുല്‍ പ്രതികരിച്ചു.