പരിക്കും മോശം ഫോമും മൂലം വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്ന താരമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ഓള്‍ റൗണ്ടര്‍ എന്ന പേരു മാത്രമാണ് പാണ്ഡ്യയ്ക്ക് മുതല്‍ക്കൂട്ടായി ഉള്ളതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ അഭിപ്രായം. എന്നാല്‍ ഐപിഎല്ലിലെ പക്വതയാര്‍ന്ന പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് ഹാര്‍ദിക് തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 യില്‍ 12 പന്തില്‍ 31 റണ്‍സെടുത്താണ് താരം വരവറിയിച്ചത്.
ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ തന്റെ തിരിച്ചുവരവിനേയും ഐപിഎല്‍ കിരീട നേട്ടത്തിനേയും കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പാണ്ഡ്യ.
“ഞാന്‍ സന്തോഷവാനായിരുന്നു. എന്നോടും മറ്റ് പലതിനെതിരെയും ഞാന്‍ നടത്തിയ യുദ്ധം വിജയിച്ചു. ഒരു പാട് പേര്‍ എന്നെ സംശയിച്ചതിനാല്‍ ഐപിഎല്‍ പ്ലെ ഓഫിലെത്തിയാല്‍ പോലും എനിക്ക് വലിയ കാര്യമായിരുന്നു. സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പലരും എഴുതി തള്ളി. എന്റെ തിരിച്ചു വരവിന് മുന്‍പും അത്തരം സംസാരങ്ങള്‍ ഉണ്ടായിരുന്നു,” പാണ്ഡ്യ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങളും കളിയാക്കലുകളുമെല്ലാം താന്‍ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നും തിരിച്ചുവരവിനായുള്ള കഠിനാധ്വാനം എത്തരത്തിലായിരുന്നെന്നും താരം വിശദീകരിച്ചു.
“മറ്റുള്ളവര്‍ക്ക് ഉത്തരം നല്‍കുക എന്നതായിരുന്നില്ല. ഞാന്‍ പിന്തുടര്‍ന്ന ശൈലിയില്‍ അഭിമാനിക്കുന്നു. ആറ് മാസങ്ങളില്‍ ഞാന്‍ എന്തിലൂടെയൊക്കെ കടന്നു പോയെന്ന് ആര്‍ക്കും അറിയില്ല. പരിശീലനം ഉറപ്പാക്കാന്‍ രാവിലെ അഞ്ച് മണിക്ക് എണീറ്റു. നാല് മാസം തുടര്‍ച്ചയായി ഞാന്‍ രാത്രി 9.30 ന് ഉറങ്ങി. ഐപിഎല്ലിന്‍ മുന്‍പ് ഞാന്‍ നടത്തിയ യുദ്ധമായിരുന്നത്. എന്റെ ജീവിതത്തിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു, അതിനെല്ലാം എനിക്ക് ഫലം ലഭിച്ചിട്ടുമുണ്ട്,” പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.
Also Read: ‘രോഹിതിനേയും രാഹുലിനേയും മാറ്റി നിര്‍ത്തി എന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാകില്ല’