സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ മികവിലായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആറാമനായി ക്രീസിലെത്തിയ സഞ്ജു 39 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. മൂന്ന് ഫോറും നാല് സിക്സറുകളുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ആതിഥേയര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചതും സഞ്ജുവിന്റെ മികവായിരുന്നു. ജയിക്കാന്‍ ഒരു റണ്‍സ് ബാക്കി നില്‍ക്കെ ലോങ് ഓണിന് മുകളിലൂടെ സിക്സര്‍ പായിച്ചാണ് സഞ്ജു വിജയം ഉറപ്പിച്ചത്. പിന്നാലെ സഞ്ജുവിനെ ഫിനിഷറാക്കി മാറ്റുകയും ചെയ്തു ആരാധകര്‍.
ധോണിയാകാനുള്ള മൈന്‍ഡ് ആണോയെന്നാണ് ആരാധകരുടെ ചോദ്യം, അതിന് തക്കതായ കാരണവുമുണ്ട്. കീപ്പിങ്ങില്‍ മൂന്ന് ഉഗ്രന്‍ ക്യാച്ചുകളും സ്വന്തം പേരില്‍ സഞ്ജു സ്വന്തമാക്കി. ഒരു റണ്ണൗട്ടിന്റെ ഭാഗമാകുകയും ചെയ്തു. ഇതെല്ലാം കൂടി ചേര്‍ന്ന ഓള്‍റൗണ്ട് പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിനും താരത്തെ അര്‍ഹനാക്കി.





“നിങ്ങൾ എത്ര സമയം കളത്തില്‍ ചെലവഴിക്കുന്നുവോ, അത്രയും മികച്ചതായിരിക്കും അനുഭവം. രാജ്യത്തിന് വേണ്ടിയാകുമ്പോള്‍ അതിന് കൂടുതല്‍ പ്രത്യേകതയുണ്ടാകും. ഞാൻ മൂന്ന് ക്യാച്ചുകൾ എടുത്തു, പക്ഷേ എനിക്ക് ഒരു സ്റ്റമ്പിംഗ് നഷ്ടമായി. കീപ്പിങ്ങും ബാറ്റിങ്ങും ശരിക്കും ആസ്വദിക്കുന്നുണ്ട്. ബോളര്‍മാര്‍ നല്ല രീതിയിലാണ് പന്തെറിഞ്ഞത്,” സഞ്ജു മത്സരശേഷം പറഞ്ഞു.
ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ന് ഇന്ത്യ മുന്നിലെത്തി. ശിഖര്‍ ധവാന്‍ (33), ശുഭ്മാന്‍ ഗില്‍ (33), ദീപക് ഹൂഡ (25) എന്നിവര്‍ ബാറ്റുകൊണ്ട് തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത ശാര്‍ദൂല്‍ താക്കൂറാണ് സിംബാബ്വെ ബാറ്റിങ് നിരയെ തകര്‍ത്തത്. 42 റണ്‍സ് എടുത്ത സീന്‍ വില്യംസാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍.