വംശീയാധിക്ഷേപത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം റോസ് ടെയ്‌ലര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ടെയ്‌ലറിന്റെ കഴിഞ്ഞ ദിവസം പുറത്തു വന്ന ആത്മകഥയിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ വിവാദ ചുഴിയിലേക്ക് വീഴ്ത്തുന്ന വെളിപ്പെടുത്തലുള്ളത്. സമോവന്‍ പാരമ്പര്യമുള്ളടെയ്‌ലറിന് ന്യൂസിലന്‍ഡ് ടീം ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പുതിയ വിവാദത്തിനടിസ്ഥാനം.
‘ന്യൂസിലന്‍ഡിലെ ക്രിക്കറ്റ് ഒരു വെളുത്ത കായിക വിനോദമാണ്,’ ടെയ്‌ലര്‍ ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന തന്റെ പുസ്തകത്തില്‍ എഴുതുന്നു. ‘എന്റെ കരിയറില്‍ ഭൂരിഭാഗവും ഞാന്‍ അസ്വഭാവികതകള്‍ നേരിട്ടു, ഒരു വനില ലൈന്‍ അപ്പിലെ തവിട്ടുനിറത്തിലുള്ള മുഖം, അതായിരുന്നു ഞാന്‍. അതുകൊണ്ട് ഏറെ വെല്ലുവിളികള്‍ നേരിട്ടു. അവയില്‍ പലതും നിങ്ങളുടെ ടീമംഗങ്ങള്‍ക്കോ ക്രിക്കറ്റ് ആരാധകര്‍ക്കോ പെട്ടെന്ന് പ്രകടമാകില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റില്‍ പസഫിക് ഐലന്‍ഡ് പ്രാതിനിധ്യം വളരെ വിരളമായതിനാല്‍ താന്‍ മാവോറിയോ ഇന്ത്യന്‍ പൈതൃകമോ ആണെന്നാണ് പലരും കരുതുന്നതെന്ന് 38 കാരനായ ടെയ്‌ലര്‍ പറഞ്ഞു. ലോക്കര്‍ റൂം പരിഹാസം ചിലപ്പോള്‍ വംശീയവും വേദനാജനകവുമാണെന്ന്’ അദ്ദേഹം പറഞ്ഞു, എന്നാല്‍ ഇവ പുറത്ത് പറയുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന ഭയവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഡ്രസിങ് റൂമിലെ ഇത്തരം പല തമാശകളും വേദനിപ്പിച്ചിരുന്നു. അവര്‍ക്കത് തമാശയാണ്. കാരണം വെളുത്ത വര്‍ഗക്കാര്‍ എന്ന നിലയിലാണ് ആ തമാശയെ അവര്‍ കേള്‍ക്കുന്നത്. ആരും ആ തമാശയെ തിരുത്താനോ തടയാനോ ശ്രമിച്ചിരുന്നില്ല. ഇതിനെ എതിര്‍ത്ത് സംസാരിച്ചാല്‍ വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറുമോ?, ഡ്രസിങ് റൂം തമാശയെ ഊതിപ്പെരുപ്പിക്കാന്‍ നോക്കുകയാണെന്ന് ആരോപിക്കപ്പെടുമോ? എന്നെല്ലാമായിരുന്നു എന്റെ ചിന്ത”റോസ് ടെയ്‌ലര്‍. വെളിപ്പെടുത്തി.
ഡ്രെസിങ് റൂമിലെ പരിഹാസങ്ങള്‍ ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. പലപ്പോഴും ടീമംഗങ്ങള്‍ താന്‍ പുകുതി നല്ലവനാണെന്ന് പറയാറുണ്ട്. എന്നാല്‍ ഏത് പകുതിയാണ് നല്ലത്? ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, എന്നാല്‍ അവരെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകുമായിരുന്നു. അതൊരു കളിയാക്കല്‍ മാത്രമല്ലേ എന്നാണ് ഇതൊക്കെ കേള്‍ക്കുന്ന ഒരു വൈറ്റ് ന്യൂസിലന്‍ഡുകാരന്‍ പറയുക. മറ്റ് കളിക്കാര്‍ക്കും അവരുടെ വംശീയതയെ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. ന്യൂസിലന്‍ഡിലെ തദ്ദേശീയരായ പോളിനേഷ്യന്‍ ജനവിഭാഗമാണ് മാവോറി. എന്നാല്‍ റോസ് ടെയ്ലര്‍ പാതി സമോവന്‍ വംശജനാണ്. ടെയ്‌ലറുടെ അമ്മ സമോവ ഗ്രാമമായ സവോലുവാഫയില്‍ നിന്നുള്ളയാളാണ്. റോസ് ടെയ്‌ലറുടെ അച്ഛന്‍ ന്യൂസിലന്‍ഡുകാരനുമാണ്.
2006 മാര്‍ച്ചില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലര്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയത്. 16 വര്‍ഷത്തോളം നീണ്ട രാജ്യാന്തര കരിയറില്‍ ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു താരം. ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടി. 2021 ഡിസംബറിലാണ് ടെയ്‌ലര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.