താരങ്ങള്‍ക്ക് ടീമിലെ അവരുടെ റോള്‍ സംബന്ധിച്ച് വ്യക്തത നല്‍കുന്നത് അവരുടെ കളി മെച്ചപ്പെടുത്താനും കൂടുതല്‍ മികവ് പുലര്‍ത്താനും സഹായിക്കുമെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. കൂടാതെ ഫോം കണ്ടെത്താന്‍ വിഷമിക്കുന്നവര്‍ക്കും ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോശം ഫോമിലൂടെ ഒരു താരം കടന്നു പോകുമ്പോള്‍ അവര്‍ക്ക് എന്താണാവശ്യമെന്നത് വ്യക്തമായി മനസിലാക്കേണ്ടത് നായകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും രോഹിത് പറയുന്നു. സ്റ്റാര്‍ സ്പോര്‍ട്സിലെ ഫോളോ ദി ബ്ലൂസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
“താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക, അവര്‍ക്കൊപ്പം നില്ക്കുക. ടീം എന്താണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുക. അപ്പോഴാണ് ഒരു താരത്തിന് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുക, ഇക്കാര്യങ്ങള്‍ എപ്പോഴും ഞാന്‍ മനസില്‍ കരുതാറുണ്ട്,” രോഹിത് പറഞ്ഞു.
“സമ്മര്‍ദ്ദരഹിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നായകനെന്ന നിലയില്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദ അന്തരീക്ഷത്തില്‍ നിന്ന് പുറത്ത് കടന്ന് ആസ്വദിക്കാനും പരസ്പരം സഹകരിക്കാനുള്ള അവസരവും ഒരുക്കകയാണ് എന്റെ ഉത്തരവാദിത്വം,” രോഹിത് കൂട്ടിച്ചേര്‍ത്തു.
“ഒരു ബോളറാണെങ്കിലു ബാറ്ററാണെങ്കിലും കളത്തിലെത്തുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാകും. അത് സ്വയം തന്നെ അതിജീവിക്കേണ്ട ഒന്നാണ്. ഒരു നായകനോ പരിശീലകനോ അതിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. പക്ഷെ അതിന് മുകളിലായി നിരവധി കാര്യങ്ങള്‍ ഒരോരുത്തരുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതായുണ്ട്,” രോഹിത് വ്യക്തമാക്കി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ഈ വര്‍ഷം ആദ്യമാണ് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്ലിയില് നിന്ന് ഏറ്റെടുത്തത്.