മുംബൈ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) സുപ്രധാന താരങ്ങളിലൊരാളാണ് രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സിനൊപ്പം എത്തിയ താരമാണ് ബേസില്‍ തമ്പി. ഇരുവരും ആദ്യ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചിരുന്നു.
സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെ കേവലം 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് ഫോറും അഞ്ച് സിക്സും ഉള്‍പ്പെട്ടു ഇന്നിങ്സില്‍. മറുവശത്ത് മുംബൈക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിക്കറ്റ് നേടി ബേസിലും തിളങ്ങിയിരുന്നു.
മുംബൈയുടെ അടുത്ത മത്സരം രാജസ്ഥാനുമായി ശനിയാഴ്ചയാണ്. ഇരുടീമുകളും പരിശീലിക്കുന്നതാവട്ടെ ഒരു മൈതാനത്തിലും. സഞ്ജുവും ബേസിലും ഒരുമിച്ചുള്ള ചിത്രം പങ്കു വച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കേരളത്തിലെ പിള്ളേർ ആറാടുകയാണെന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
ആദ്യ മത്സരത്തില്‍ നേടിയ ഉജ്വല ജയത്തോടെ രാജസ്ഥാനാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയം തുടരുക എന്ന ലക്ഷ്യമായിരിക്കും സഞ്ജുവിനും കൂട്ടര്‍ക്കും. എന്നാല്‍ സീസണിലെ ആദ്യ ജയം നേടി തുടക്കമിടാനാകും രോഹിത് ശര്‍മയുടെ മുംബൈ ശ്രമിക്കുക.
Also Read: കച്ചമുറുക്കി അര്‍ജന്റീനയും ബ്രസീലും; ഖത്തറില്‍ ശക്തരാവാന്‍ ഫുട്ബോള്‍ രാജാക്കന്മാര്