ലോകകപ്പിൽ തുടർ ജയങ്ങൾ മാത്രം നേടിയ ഇന്ത്യ ആദ്യ പരാജയം ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടിനോടാണ്. കഴിഞ്ഞ ഞായറാഴ്ച എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 31 റൺസിനായിരുന്നു ഇന്ത്യൻ പരാജയം. 338 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അവസാന 5 ഓവറുകളിൽ ജയിക്കാൻ വേണ്ടിയിരുന്നത് 71 റൺസ്. എം.എസ്.ധോണിയും കേദാർ ജാദവുമായിരുന്നു ക്രീസിൽ. പക്ഷേ അവസാന ഓവറുകളിൽ അടിച്ചു കളിക്കാൻ ഇരുവരും മറന്നു. ബൗണ്ടറികൾ പായിക്കുന്നതിൽ രണ്ടുപേരും പരാജയപ്പെട്ടു. 5 ഓവറുകളിൽനിന്നായി വെറും 39 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇതോടെ ഇന്ത്യൻ പരാജയത്തിനു കാരണക്കാരൻ ധോണിയാണെന്നും അദ്ദേഹത്തിന്റെ ഇഴഞ്ഞുളള ബാറ്റിങ്ങാണെന്നും വിമർശനം ഉയർന്നു.

പക്ഷേ, കളിക്കിടയിൽ ആരും കാണാതെ പോയൊരു കാര്യം സോഷ്യൽ മീഡിയ വഴി അറിയിക്കുകയാണ് ആരാധകർ. വേദന കടിച്ചമർത്തിയാണ് ധോണി മൽസരം കളിച്ചതെന്നതിന്റെ തെളിവായി ധോണി ചോര തുപ്പുന്നതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഇന്ത്യയുടെ ഫീൽഡിങ്ങിനിടെയും ബാറ്റിങ്ങിനിടെയും രണ്ടു തവണ ധോണി തന്റെ പെരുവിരൽ വായ്ക്ക് അകത്തേക്ക് ഇടുകയും ചോര തുപ്പുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചിത്രങ്ങൾ പുറത്തുവന്നതിനുപിന്നാലെ ധോണിയുടെ കളിയോടുളള ആത്മാർഥതയെ പ്രകീർത്തിച്ച് നിരവധി പേർ കമന്റ് ചെയ്തു. കൈവിരലിനേറ്റ പരുക്ക് മറന്നും ടീമിനുവേണ്ടി കളിച്ച ധോണിയുടെ ദൃഢനിശ്ചയത്തെ ആർക്കാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്ന് ചിലർ ചോദിക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ഇന്നിങ്സിൽ ധോണിയുടെ മെല്ലപ്പോക്കിനെ പലരും വിമർശിച്ചപ്പോഴും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഉപനായകൻ രോഹിത് ശർമ്മയും താരത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. “ബൗണ്ടറികൾ കണ്ടെത്താൻ എം.എസ്.ധോണി പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അത് ലക്ഷ്യം കണ്ടില്ല. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളർമാർ പന്തെറിഞ്ഞത്. അവസാനം വരെ ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിട്ടു. തോൽവിയിൽ നിന്നും കാര്യങ്ങൾ പഠിച്ച് അടുത്ത് മത്സരത്തിൽ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും.” വിരാട് കോഹ്‌ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook