ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ കിരീടം കാണാതെ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും നേരിട്ടത്. മുന്‍നിര ബാറ്റര്‍മാര്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ മടിച്ച് നിന്നതായിരുന്നു ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്.
ടീമിന്റെ പ്രകടനങ്ങളേയും തന്ത്രങ്ങളേയും കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എം എസ് ധോണി വരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍നായകന്‍ സല്‍മാന്‍ ബട്ട്.
“വിരേന്ദര്‍ സേവാഗും വിവിഎസ് ലക്ഷ്മണുമെല്ലാം വളരെ മികച്ച താരങ്ങളാണ്. പക്ഷെ നേതൃത്വപാഠവം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഒരു പരിശീലകന്‍ കളിക്കാരുടെ ഉപദേഷ്ടാവ് കൂടിയായിരിക്കണം. എം എസ് ധോണി ഇക്കാര്യങ്ങളില്‍ വിജയം കൈവരിച്ചയാളാണ്. അതിനാല്‍ അദ്ദേഹം പരിശീലകനായി എത്തണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്,” തന്റെ യൂട്യൂബ് ചാനലില്‍ സല്‍മാന്‍ ബട്ട് പറഞ്ഞു.
“നിങ്ങള്‍ റിസ്ക് എടുക്കാതെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയില്ല. ഇവിടെ റിസ്കല്ല, താരങ്ങളെ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും വിജയം നേടുമെന്ന് പറയാനാകില്ല, പക്ഷെ അവസരങ്ങള്‍ യുവതാരങ്ങള്‍ക്ക് നല്‍കണം. അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമ്പോള്‍, ആര്‍ക്കൊക്കെ ടീമിലെ വിടവ് നികത്താന്‍ സാധിക്കുമെന്നും കണ്ടെത്താന്‍ കഴിയും,” ബട്ട് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡ് പര്യടനത്തിലാണ്. മൂന്ന് വീതം ട്വന്റി 20-യും ഏകദിനവുമാണ് പരമ്പരയിലുള്ളത്. മുഖ്യപരിശീലകന്‍ ദ്രാവിഡിനും രോഹിത്, വിരാട് കോഹ്ലി എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമവും അനുവദിച്ചിട്ടുണ്ട്. ഇവരുടെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണിനാണ് പരിശീലകന്റെ റോള്‍. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.