എം എസ് ഡി (മഹേന്ദ്ര സിങ് ധോണി) എന്ന മൂന്നക്ഷരം ക്രിക്കറ്റ് ലോകത്തിന് സുപരിചതമായിട്ട് രണ്ട് പതിറ്റാണ്ടോളമായി. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്ന താരമാണ് ധോണി. ധോണിയുടെ കീഴില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ (ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഇന്ത്യ സ്വന്തമാക്കി. നായക മികവ് തന്നെയായിരുന്നു പ്രഥമ ഐപിഎല്ലിലെ മൂല്യമേറിയ താരമായി ധോണി തിരഞ്ഞെടുക്കപ്പെടാനുള്ള കാരണവും. അന്ന് മുതല്‍ ഇന്ന് വരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ഒരു നായകന്‍ മാത്രം. ആരാധകരുടെ സ്വന്തം തല.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിടപറഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഈ പട്ടികയിലേക്ക് ചേരുകയാണ് സി എസ് കെയുടെ നായക സ്ഥാനം ഒഴിഞ്ഞു എന്ന വാര്‍ത്തയും. പുതിയ സീസണില്‍ ഒരു താരമെന്ന നിലയില്‍ മാത്രമായിരിക്കും ധോണി ചെന്നൈക്കൊപ്പം ഉണ്ടാകുക. രവീന്ദ്ര ജഡേജയായിരിക്കും നിലവിലെ ചാമ്പ്യന്മാരുടെ പുതിയ നായകന്‍. ഇത് സംബന്ധിച്ച് ചെന്നൈ തന്നെ ഔദ്യോഗിക സ്ഥിരീകരണവും നല്‍കി കഴിഞ്ഞു. എന്നാല്‍ കളിക്കാരെനെന്ന നിലയില്‍ മാത്രം ധോണിക്ക് തുടരാനാകുമോ എന്നും ഉറ്റുനോക്കുകയാണ് ആരാധകര്‍.
ചെന്നൈയുടെ സ്വന്തം തല
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന ചോദ്യത്തിന് മറ്റ് ഉത്തരങ്ങള്‍ തിരയേണ്ടതില്ല. നാല് ഐപിഎല്‍ കിരീടങ്ങള്‍, രണ്ട് ചാമ്പ്യന്‍സ് ട്രോഫി എന്നീ നേട്ടങ്ങളിലേക്ക് ടീമിനെ നയിച്ചു 41 കാരനായ ധോണി. ചെന്നൈ ഐപിഎല്ലിന്റെ ഭാഗമായ 12 സീസണുകളില്‍ ഒന്‍പത് തവണയും ഫൈനലില്‍ എത്തി എന്നതും ധോണിയുടെ നായകമികവിന്റെ ഉദാഹരണമാണ്. 2016, 2017 സീസണുകളില്‍ ടീമിന് സസ്പെന്‍ഷന്‍ ലഭിച്ചപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെ ധോണി നയിക്കുകയും ഒരു തവണ ഫൈനലില്‍ എത്തുകയും ചെയ്തു. സസ്പെന്‍ഷന് ശേഷം ചെന്നൈ തിരിച്ചെത്തിയ സീസണില്‍ കിരീടം സ്വന്തമാക്കി വരവറിയിച്ചു. ഒടുവില്‍ 2021 ലും ചാമ്പ്യന്‍ പട്ടം ടീമിനെ അണിയിച്ചാണ് ധോണി നായകസ്ഥാനം ഒഴിയുന്നത്.
പടിയിറക്കത്തിന്റെ സൂചനകള്‍
പോയ സീസണിന്റെ അവസാനത്തോടെ ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. അടുത്ത ഐപിഎല്ലില്‍ ധോണിയുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടിയും നല്‍കിയിരുന്നു. ചെന്നൈയുടെ ഹോം സ്റ്റേഡിയത്തില്‍ വച്ച് വിരമിക്കുമെന്നായിരുന്നു ധോണിയുടെ പ്രസ്താവന. എന്നാല്‍ ഇത്തവണ അത് നടക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നില്ല. കാരണം മുംബൈ മാത്രം കേന്ദ്രീകരിച്ചാണ് ഇത്തവണ ഐപിഎല്‍ പുരോഗമിക്കുന്നത്. 2023 ലും ധോണി ടീമിനൊപ്പം ഉണ്ടായിരിക്കുമെന്ന സൂചനകളാണ് ചെന്നൈ ടീം അധികൃതര്‍ അറിയിക്കുന്നത്.
നായകന്‍ മാത്രമായി ചുരുങ്ങിയ ധോണി
ഒരു ബാറ്ററെന്ന നിലയില്‍ ധോണിയുടെ ഏറ്റവും മോശം സീസണുകള്‍ ആയിരുന്നു 2020, 2021 എന്നിവ. ഐപിഎല്ലില്‍ ധോണിയുടെ ബാറ്റില്‍ നിന്ന് ആദ്യമായി ഒരു അര്‍ധ സെഞ്ചുറികള്‍ പോലും പിറന്നില്ല. 2021 ല്‍ 16 മത്സരങ്ങളില്‍ നിന്ന് 114 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഉയര്‍ന്ന സ്കോറാവട്ടെ 18 മാത്രം. 2020 ലും സമാനമായിരുന്നു ധോണിയുടെ പ്രകടനം. 14 കളികളില്‍ നിന്ന് നേടിയത് 200 റണ്‍സ്. പ്രഹരശേഷി 116 ലേക്ക് ഒതുങ്ങി. ധോണിയെന്ന ബാറ്ററുടെ പ്രതാപകാലം അവസാനിച്ചു എന്നതിന്റെ സൂചനകളായിരുന്നു പോയ സീസണുകള്‍. പേസ് ബോളര്‍മാര്‍ക്കെതിരെ താളം കണ്ടെത്താന്‍ ധോണിക്കായിരുന്നില്ല. അവസാന ഓവറുകളില്‍ പോലും പതിവ് ധോണിയെ കളത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ക്യാപ്റ്റന്‍സി മികവ് കൊണ്ട് മാത്രമാണ് ധോണി ടീമില്‍ തുടരുന്നതെന്ന വിമര്‍ശനം ശക്തമായി ഉയരുകയും ചെയ്തിരുന്നു. യുവത്വവും പരിചയസമ്പന്നതയേയും ഒരുപോലെ ചാലിച്ച് വിജയമന്ത്രം സൃഷ്ടിക്കുന്ന ധോണിയുടെ മികവ് മറ്റാര്‍ക്കും അവകാശപ്പെടാനില്ല എന്നതും വാസ്തവമാണ്.
പിന്നണിയിലേക്കോ ഇനി
മറ്റേത് താരത്തേയും പോലെ ധോണിക്ക് എത്രകാലം കളത്തില്‍ തുടരാനാകുമെന്നതില്‍ സംശയം ഉയരുകയാണ്. ഒരുപക്ഷെ ജഡേജയ്ക്ക് ഉപദേശം നല്‍കുകയും നായകനെന്ന നിലയില്‍ പരുവപ്പെടുത്തിയെടുക്കുക എന്നതുമായിരിക്കും ധോണിക്ക് മുന്നിലുള്ള ജോലി, കളത്തിലെ ഉപദേഷ്ടാവ്. ചെന്നൈയുടെ പിന്നണിപ്പടയിലേക്ക് ധോണി എത്താന്‍ ഇനി അധികം വൈകില്ല എന്ന സൂചനയുമാണ് പുതിയ നീക്കം. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ധോണി എത്തിയിരുന്നു. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്താവുകയും ചെയ്തിരുന്നു.
Also Read: ക്യാപ്റ്റൻ കൂൾ വഴിമാറി; ചെന്നൈയെ ഇനി ജഡേജ നയിക്കും