അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഡ്വയന്‍ ബ്രാവോയെ വാനോളം പുകഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്.ധോണി.
ചെന്നൈക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്വപ്നതുല്യമായ തുടക്കമായിരുന്നു വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും ചേര്‍ന്ന് നല്‍കിയത്. 14-ാം ഓവറില്‍ കോഹ്ലിയെ മടക്കി ബ്രാവോയാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 111 റണ്‍സ് നേടിയ ബാംഗ്ലൂരിനെ 156 ല്‍ ഒതുക്കാന്‍ ധോണിപ്പടക്കായി. ബ്രാവോ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്.
ബ്രാവോയുടെ ശാരീരികക്ഷമതയെ പുകഴ്ത്തി തുടങ്ങിയ ധോണി താരത്തെ സഹോദരനെന്ന് വിളിച്ചാണ് അവസാനിപ്പിച്ചത്. “ബ്രാവോ ശാരീരികക്ഷമത വീണ്ടെടുത്തത് നല്ല കാര്യമാണ്. മികച്ച രീതിയില്‍ പന്തെറിയുന്നുമുണ്ട്. ഞാന്‍ ബ്രാവോയെ സഹോദരനായാണ് കാണുന്നതും വിളിക്കുന്നതും. വേഗത കുറച്ച് പന്തെറിയണോ എന്ന കാര്യത്തെച്ചൊല്ലി എല്ലാ വര്‍ഷവും ഞങ്ങള്‍ വഴക്കിടാറുണ്ട്,” ധോണി പറഞ്ഞു.
“ബാറ്റ്സ്മാൻമാരെ തെറ്റിദ്ധരിപ്പിക്കാനാണ് നിങ്ങളിത് ചെയ്യുന്നത്, ഇപ്പോള്‍ ബ്രാവോ വേഗത കുറച്ചുള്ള പന്തുകള്‍ക്ക് പേരുകേട്ടയാളാണെന്ന് എല്ലാവർക്കും അറിയാമെന്നും ഞാന്‍ പറഞ്ഞു. യോർക്കറാണെങ്കിലും ലെങ്ത് ബോളാണെങ്കിലും എന്തുകൊണ്ട് ആറ് പന്തുകളും വ്യത്യസ്തമായ രീതിയില്‍ എറിഞ്ഞുകൂടാ. എന്തുകൊണ്ട് വേഗത കുറച്ച് എറിഞ്ഞില്ലെന്ന് ബാറ്റ്സ്മാനെ ആശ്ചര്യപ്പെടുത്തുകയാണ് വേണ്ടത്,” ധോണി വ്യക്തമാക്കി.
“ട്വന്റി 20 യില്‍ ബ്രാവോ വളരെ സുപ്രധാന ഘടകമാണ്. ലോകത്തിന്റെ എല്ലാ വേദികളിലും വ്യത്യസ്മായ സാഹചര്യത്തിലും അയാള്‍ കളിച്ചിട്ടുണ്ട്. എപ്പോഴൊക്കെ ബ്രാവോയെ ടീമിനാവശ്യമായി വന്നിട്ടുണ്ടോ അപ്പോഴെല്ലാം അവസരത്തിനൊത്ത് ഉയരുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്,” ധോണി കൂട്ടിച്ചേര്‍ത്തു. ബ്രാവോയ്ക്ക് പകരം മൊയീന്‍ അലിയെയാണ് പന്ത് ഏല്‍പ്പിക്കാന്‍ ആദ്യം ഉദ്ദേശിച്ചതെന്നും പിന്നീട് തീരുമാനം മാറ്റുകയായിരുന്നെന്നും ചെന്നൈ നായകന്‍ വെളിപ്പെടുത്തി.