ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാന്‍ വിരാട് കോഹ്ലിക്ക് കഴിഞ്ഞു. എല്ലാത്തിനും ഉപരിയായി ബോളര്‍മാരെ വാര്‍ത്തെടുക്കാന്‍ കോഹ്ലിക്ക് സാധിച്ചു എന്നതാണ് പ്രധാനം. വിദേശ പിച്ചുകളില്‍ ഒരു കളിയില്‍ ബോളര്‍മാര്‍ 20 വിക്കറ്റുമെടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍മാര്‍ ലോക ക്രിക്കറ്റിലെ തന്നെ മുന്‍നിരയിലേക്ക് എത്തി.
കോഹ്ലിക്ക് കീഴില്‍ ജസ്പ്രിത് ബുംറ ഏറ്റവും അപകടകാരിയായ ബോളറായി മാറി. മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും താളം കണ്ടെത്തി. 2021 ല്‍ മുഹമ്മദ് സിറാജിന്റെ വളര്‍ച്ചയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത്. പേസ് ബോളര്‍മാര്‍ക്ക് കോഹ്ലി മികച്ച് പിന്തുണ നല്‍കി, അവര്‍ക്കാവശ്യമായിരുന്നതും അത്തരമൊരു നായകനെയായിരുന്നു. മോശം സമയത്തും കോഹ്ലിയുടെ പിന്തുണ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന് വിവരിക്കുകയാണ് മുഹമ്മദ് സിറാജ്.
“റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി (ആര്‍സിബി) ഏറ്റവും മോശം പ്രകടനം നടത്തിയ വര്‍ഷമായിരുന്നു 2018. മറ്റേത് ഫ്രാഞ്ചൈസി ആയിരുന്നാലും ഞാന്‍ ടീമിന് പുറത്ത് പോകേണ്ടി വന്നേനെ. എന്നാല്‍ വിരാട് പിന്തുണയ്ക്കുകയും എന്നെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. ഞാന്‍ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും വിരാട് ഭായിക്കുള്ളതാണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല,” സിറാജ് പറഞ്ഞു.
“അദ്ദേഹത്തെ പോലൊരു നായകന്‍ എല്ലാ ബോളര്‍മാര്‍ക്കും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു പേസ് ബോളര്‍ക്ക് പന്തെറിയാന്‍ ഊര്‍ജം വേണമെങ്കില്‍ വീരാടിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയാല്‍ മതിയാകും. നമ്മുടെ ഊര്‍ജം നഷ്ടപ്പെട്ടാലും അദ്ദേഹം അത് തിരിഞ്ഞുകൊണ്ടുവരും. അദ്ദേഹം വ്യത്യസ്തനാണ്,” സിറാജ് കൂട്ടിച്ചേര്‍ത്തു.
Also Read: കാപ്റ്റൻസിയുടെ ഭാരമില്ല, സമ്മർദ്ദങ്ങളും, എതിരാളികൾക്ക് കോഹ്ലി അപകടകാരിയാവുമെന്ന് മാക്സ്വെൽ