ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ബാറ്റര്‍മാരുടെ തല്ലിന്റെ ചൂട് ആവോളം അറിഞ്ഞ താരമായിരുന്നു ഒരു കാലത്ത് മുഹമ്മദ് സിറാജ്. ചെണ്ട ബോളര്‍ എന്ന ആക്ഷേപം കേട്ട് വളര്‍ന്ന കരിയര്‍. ഒടുവില്‍ ഇന്ത്യയുടെ കുപ്പായമണിഞ്ഞതിന് ശേഷം സിറാജ് അസ്തമയങ്ങള്‍ താണ്ടി ഉദിച്ചുയരുകയായിരുന്നു. അണയാത്ത ആവേശം സിറാജിനെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമെത്തിച്ചു.
ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷമുള്ള ഏറ്റവും പുതിയ റാങ്കിങ് പട്ടികയിലാണ് സിറാജിന്റെ ഉയര്‍ച്ച. ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡിനെ പിന്തള്ളിയാണ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്ത് സിറാജ് സ്ഥാനം ഉറപ്പിച്ചത്. 729 പോയിന്റാണ് സിറാജിനുള്ളത്. രണ്ടാം സ്ഥാനക്കാരനായ ഹെയ്സല്‍വുഡിന് 727 പോയിന്റുമാണുള്ളത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ ജനുവരിയില്‍ (2022) ബോളര്‍മാരുടെ റാങ്കില്‍ 279 സ്ഥാനത്തായിരുന്നു സിറാജ്. ഡിസംബറോടെ 18-ാം സ്ഥാനത്തേക്ക് ഉയരാന്‍ സിറാജിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മൂന്നാം സ്ഥാനത്തേക്ക് സിറാജെത്തിയിരുന്നു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ഏകദിനത്തില്‍ ജസ്പ്രിത് ബുംറയുടെ അസാന്നിധ്യത്തില്‍ ടീമിന്റെ വിശ്വാസം കാക്കാന്‍ സിറാജിന് കഴിഞ്ഞിരുന്നു. 21 കളികളില്‍ നിന്ന് 38 വിക്കറ്റുകളാണ് ഇതുവരെ നേടിയത്. പവര്‍പ്ലെയിലെ ബോളിങ് മികവാണ് സിറാജിന്റെ പ്രത്യേകത. യോര്‍ക്കര്‍, കട്ടറുകള്‍, ബൗണ്‍സര്‍, സ്ലൊ ബോളുകള്‍ തുടങ്ങി ഒരു പേസര്‍ക്ക് ആവശ്യമായ എല്ലാ അസ്ത്രങ്ങളും സിറാജിന്റെ ആയുധപ്പുരയിലുണ്ട്.
ബാറ്റര്‍മാരുടെ റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ കുതിപ്പ് നടത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡ് പരമ്പരയിലെ ഉജ്വല പ്രകടനം യുവതാരം ശുഭ്മാന്‍ ഗില്ലിനെ ആറാം സ്ഥാനത്തെത്തിച്ചു. 734 പോയിന്റാണ് ഗില്ലിനുള്ളത്. നായകന് രോഹിത് ശര്‍മ ഒന്‍പതാമതുമെത്തി (719 പോയിന്റ്). എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ മങ്ങിയ പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലി നാലില്‍ നിന്ന് ഏഴിലേക്ക് വീണു (727 പോയിന്റ്).