ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ബാറ്റിങ് പരാജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഉപദേശവുമായി മൈക്ക് ഹസി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാമെന്നാണ് മുന്‍ ഓസീസ് താരം കൂടിയായ മൈക്ക് ഹസി പറയുന്നത്.
“തീര്‍ച്ചയായും ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലി നിരീക്ഷിക്കാവുന്നതാണ്. അദ്ദേഹം രണ്ട് മത്സരങ്ങളിലെ മൂന്ന് ഇന്നിങ്സുകളിലായി 61 ശരാശരിയില്‍ 183 റണ്‍സാണെടുത്തത്. നാഗ്പൂരിലെ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു,” ഹസി ദി ടെലിഗ്രാഫിനോട് വ്യക്തമാക്കി.
“ദുഷ്കരമായ പിച്ചില്‍ സ്പിന്നര്‍മാരെ എങ്ങനെ നേരിടാമെന്നും റണ്‍സ് കണ്ടെത്താമെന്നും അദ്ദേഹം കാണിച്ചു തന്നു. ഇത്തരം പിച്ചുകള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സുപരിചിതമാണ്. പക്ഷെ രോഹിത് ബാറ്റ് ചെയ്യുന്നതുപോലെ ആവര്‍ത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദാഹരണത്തിന് എനിക്കൊരിക്കലും മാത്യു ഹെയ്ഡനെ പോലെ കളിക്കാന്‍ സാധിക്കില്ല,” ഹസി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡാണ് ഹസിക്കുള്ളത്. 44.83 ശരാശരിയില്‍ 493 റണ്‍സ് നേടി. സ്പിന്‍ ബോളര്‍മാരെ നേരിടുന്നതിലും താരം മികവ് പുലര്‍ത്തിയിരുന്നു.
“ഓരോരുത്തര്‍ക്കും എത്ര റണ്‍സ് എടുക്കാന്‍ കഴിയുമെന്ന തരത്തിലായിരിക്കണം ബാറ്റിങ്. എല്ലാവര്‍ക്കും വ്യത്യസ്തമായ ശൈലിയാണുള്ളത്. ഒരാള്‍ ബൗണ്ടറികള്‍ നേടി ആക്രമിച്ച് കളിക്കണം, മറ്റൊരാള്‍ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടു പോകണം. ഒരു പ്രത്യേക ഷോട്ടിന് ശ്രമിക്കതെ സ്വന്തം ശക്തി മനസിലാക്കി വേണം കളിക്കാന്‍,” ഹസി പറഞ്ഞു.
പരമ്പരയിലെ രണ്ട് കളികള്‍ പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഹസി പങ്കുവച്ചത്.