scorecardresearch

ഓസിസിനെതിരായ തോല്‍വിയില്‍ ബോളര്‍മാരെ പഴിച്ച് രോഹിത്; ഒന്നും പിടികിട്ടുന്നില്ലെന്ന് പാണ്ഡ്യ

ഹര്‍ഷല്‍ പട്ടേലെറിഞ്ഞ 18-ാം ഓവറാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് ഓസ്ട്രേലിയയുടെ വിജയശില്‍പി മാത്യു വെയ്ഡ് മത്സരശേഷം പറഞ്ഞു

ഓസിസിനെതിരായ തോല്‍വിയില്‍ ബോളര്‍മാരെ പഴിച്ച് രോഹിത്; ഒന്നും പിടികിട്ടുന്നില്ലെന്ന് പാണ്ഡ്യ

മൊഹാലി: ഓസട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 208 റണ്‍സ് അടിച്ചു കൂട്ടിയിട്ടും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. മത്സരശേഷം ബോളര്‍മാരുടെ പ്രകടനത്തില്‍ നായകന്‍ രോഹിത് ശര്‍മ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

“ഞങ്ങള്‍ നന്നായി പന്തെറിഞ്ഞതായി എനിക്ക് തോന്നിയില്ല. 200 റണ്‍സ് പ്രതിരോധിക്കാവുന്ന ഒരു സ്കോറാണ്. ഫീല്‍ഡിങ്ങിലെ പിഴവുകളും കാരണമായി. ബാറ്റര്‍മാര്‍ മികവ് കാട്ടിയപ്പോള്‍ ബോളര്‍മാര്‍ക്ക് അതിന് സാധിച്ചില്ല,” രോഹിത് വ്യക്തമാക്കി.

“പരിശോധിക്കാന്‍ ചില കാര്യങ്ങളുണ്ട്. പക്ഷെ തെറ്റുകള്‍ മനസിലാക്കാന്‍ സാധിച്ചു. വമ്പന്‍ സ്കോറുകളെ പിന്തുണയ്ക്കുന്ന മൈതാനമാണിത്. 200 റണ്‍സ് നേടിയാലും വിശ്രമിക്കാനാകില്ല. വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും അവരുടെ പ്രകടനം അതിനെ മറികടന്നു. വളരെ മികച്ച ഷോട്ടുകള്‍ അവര്‍ കളിച്ചു. ഞാന്‍ ആ ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സ്കോര്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കില്ലായിരുന്നു,” രോഹിത് കൂട്ടിച്ചേര്‍ത്തു.

മാത്യു വെയ്ഡ്-ടിം ഡേവിഡ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നും രോഹിത് പറഞ്ഞു.

എവിടെയാണ് പിഴച്ചതെന്ന് അറിയില്ലെന്ന് പാണ്ഡ്യ

കളത്തില്‍ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്ന് ഹാര്‍ദിക് പാണ്ഡ്യ മത്സരശേഷം പ്രതികരിച്ചു.

“ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് നിങ്ങള്‍ പറയു,” മാധ്യമ പ്രവര്‍ത്തകരോട് പണ്ഡ്യ തിരിച്ചു ചോദിച്ചു.

“എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ഇതൊരു പരമ്പരയാണ്, അടുത്ത മത്സരങ്ങളില്‍ മെച്ചപ്പെടുത്തന്‍ ശ്രമിക്കും,” പാണ്ഡ്യ വ്യക്തമാക്കി.

ജസ്പ്രിത് ബുംറയുടെ അഭാവം ബോളിങ്ങില്‍ പ്രകടമായിരുന്നെന്നും താരംകൂട്ടിച്ചേര്‍ത്തു.

ഹര്‍ഷല്‍ പട്ടേലിന്റെ ഓവര്‍ വഴിത്തിരിവായെന്ന് വെയ്ഡ്

18-ാം ഓവര്‍ എറിയാന്‍ ഹര്‍ഷല്‍ പട്ടേലെത്തുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത് മൂന്ന് ഓവറില്‍ 40 റണ്‍സ്. ഹര്‍ഷലിന്റെ നാലാം ഓവറില്‍ ടിം ഡേവിഡും വെയ്ഡും ചേര്‍ന്ന് 22 റണ്‍സ് നേടി. ഈ ഓവറിന് ശേഷം മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാവുകയും ചെയ്തു.

“ഈ വിക്കറ്റില്‍ മത്സരം കൈവിട്ട് പോകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അടുത്ത 18 പന്തില്‍ നാല് സിക്സടിക്കാന്‍ സാധിച്ചാല്‍ കളി തിരിച്ചുപിടിക്കാനാകുമെന്നായിരുന്നു ടിമ്മിയുടേയും എന്റേയും അനുമാനം,” വെയ്ഡ് പറഞ്ഞു.

21 പന്തില്‍ 45 റണ്‍സെടുത്ത വെയ്ഡായിരുന്നു ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്.

മൂന്ന് കളികളുള്ള പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച നാഗ്പൂരില്‍ വച്ചാണ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Lose against aussies rohit blames bowlers hardik cant pinpoint cause