ബറോഡ: ക്രിക്കറ്റ് മൈതാനത്ത് ഇര്‍ഫാന്‍ പഠാന്‍ എന്ന താരത്തിന്റെ ജീവിതം ഏറെക്കുറ അവസാനിച്ചെന്നാണ് ആരാധകരും ലോകവും ഇതുവരെ കരുതിയത്. എന്നാല്‍ തന്റെ കരിയറും ക്രിക്കറ്റും ഇനിയും ബാക്കിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇര്‍ഫാന്‍. ചരിത്രപരമായൊരു നേട്ടത്തിലൂടെയാണ് ഇര്‍ഫാന്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും വാര്‍ത്തയാകുന്നത്.

ഐപിഎല്ലു പോലെ തന്നെ ഇന്ന് വളരെയധികം ആരാധകരുള്ള ടി20 ലീഗാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിക്ക ടീമുകളുടേയും റണ്‍ മെഷീനുകള്‍ വിന്‍ഡീസ് താരങ്ങളാണ്. അവരുടെ നാട്ടില്‍ നടക്കുന്ന ലീഗെന്നതിനാല്‍ ഐപിഎല്ലോളം തന്നെയോ അല്ലെങ്കില്‍ അതിലധികമോ ആവേശവും ആഘോഷവുമാണ് സിപിഎല്ലിലുള്ളത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍.

കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താര ലേലത്തിനായുള്ള പട്ടികയില്‍ ഇര്‍ഫാന്‍ പഠാന്റെ പേരും വന്നതോടെ ഈ ചരിത്രം ഇടങ്കയ്യന്‍ പേസറുടെ പേരിലായിരിക്കുകയാണ്. ലേലത്തില്‍ ഇര്‍ഫാന്‍ പഠാനെ ഏതെങ്കിലും ടീമുകള്‍ സ്വന്തമാക്കിയാല്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം താരത്തെ തേടിയെത്തും. മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന് ബിസിസിഐ കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ബിബിഎല്‍, സിപിഎല്‍, ബിപിഎല്‍ തുടങ്ങിയ ലീഗുകളിലൊന്നും ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിരുന്നില്ല. ഇതാണ് ഇര്‍ഫാനിലൂടെ മാറുന്നത്.

അതേസമയം, ബിസിസിഐയുടെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും ലഭ്യമായിട്ടില്ല. പുറത്ത് കളിക്കാന്‍ ആവശ്യമായ എന്‍ഒസി ബിസിസിഐ നല്‍കിയോ എന്നതിനെ സംബന്ധിച്ചും വിവരങ്ങളൊന്നും അറിവായിട്ടില്ല.

ഇ്ന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇര്‍ഫാന്‍ പഠാന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ഐപിഎല്ലുകളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ലേലത്തില്‍ ഇര്‍ഫാനെ ആരും വാങ്ങാന്‍ തയ്യാറായില്ല. അതിന് തൊട്ട് മുമ്പ് ചെന്നൈ ലേലത്തില്‍ സ്വന്തമാക്കിയെങ്കിലും കളിക്കാനായി ഇറങ്ങിയില്ല. അവസാനമായി ഇര്‍ഫാന്‍ ഐപിഎല്ലില്‍ കളിച്ചത് 2017 ല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും കളിക്കുന്ന താരം പോയ വര്‍ഷം ബറോഡയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് മാറിയിരുന്നു. താരവും മെന്ററുമായാണ് പഠാന്‍ കശ്മീരിലെത്തിയത്. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി20കളും കളിച്ചിട്ടുള്ള താരമാണ് ഇര്‍ഫാന്‍. 301 വിക്കറ്റുകളും 2800 റണ്‍സും നേടിയിട്ടുണ്ട്.

വിന്‍ഡീസിനെ പുറമെ 20 രാജ്യങ്ങളില്‍ നിന്നുമായി 536 താരങ്ങളെയാണ് സിപിഎല്‍ ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലക്‌സ് ഹെയില്‍സ്, റാഷിദ് ഖാന്‍, ഷാക്കിബ് അല്‍ ഹസന്‍, ജോഫ്ര ആര്‍ച്ചര്‍, ജെപി ഡുമിനി, ആന്ദ്ര റസല്‍, സുനില്‍ നരേന്‍, ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ് തുടങ്ങിയ താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കും. ലേലത്തിന് മുന്നോടിയായി എല്ലാ ടീമുകള്‍ക്കും താരങ്ങളെ നിലനിര്‍ത്താനുണ്ട്. ഒരു ടീമിന് ആറ് താരങ്ങളെ വരെ നിലനിര്‍ത്താനാകും. സെപ്തംബര്‍ നാല് മുതലാണ് ലീഗ് ആരംഭിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook