ക്രിക്കറ്റ് ലോകം ഇന്നലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാക്കുകള്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റേതായിരുന്നു. ധോണിയുടെ ഉപദേശങ്ങള്‍ പിഴയ്ക്കാറുണ്ടെന്ന് കുല്‍ദീപ് പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മാധ്യമങ്ങള്‍ പറയുന്നത് തെറ്റാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കുല്‍ദീപ് ഇപ്പോള്‍.
”യാതൊരു കാരണവുമില്ലാതെ കള്ളപ്രചരണങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത മറ്റൊരു വിവാദം. ചില ആളുകള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ വെളിച്ചം വീശാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. ആരേയും കുറിച്ച് തെറ്റായ പ്രസ്താവന ഞാന്‍ നല്‍കിയിട്ടില്ല. മഹി ഭായ്, ബഹുമാനം” എന്നാണ് കുല്‍ദീപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
”ധോണിക്ക് പിഴയ്ക്കുന്ന ഒരുപാട് സാഹചര്യങ്ങളുണ്ടാകാറുണ്ട്. പക്ഷെ അത് അദ്ദേഹത്തോട് പറയാന്‍ പറ്റില്ല” എന്ന് കുല്‍ദീപ് പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. തനിക്ക് വേണമെന്ന് തോന്നുമ്പോള്‍, ഓവറുകളുടെ ഇടയില്‍ മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ധോണിയെന്നും കുല്‍ദീപ് പറയതായി പ്രചരിച്ചിരുന്നു
”അദ്ദേഹം അധികം സംസാരിക്കാറില്ല. എന്തെങ്കിലും പറയണമെന്ന് തോന്നുകയാണെങ്കില്‍ മാത്രം ഓവറുകളുടെ ഇടയിലുള്ള ഇടവേളയില്‍ സംസാരിക്കും” കുല്‍ദീപ് യാദവ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം നിഷേധിച്ചു കൊണ്ട് കുല്‍ദീപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടി തന്ന നായകനാണ് ധോണി. 2007 ലെ പ്രഥമ ടി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും. 2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി 2017 ല്‍ തന്റെ ഏകദിന ക്യാപ്റ്റന്‍സിയും ഉപേക്ഷിച്ചു. പിന്നാലെ ആ സ്ഥാനം വിരാട് കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ഇന്ത്യയുടെ മത്സരങ്ങളില്‍ കോഹ്ലിയെന്ന നായകനോളം തന്നെ പ്രധാനപ്പെട്ടതാണ് ധോണിയുടെ സ്ഥാനവും നിര്‍ദേശങ്ങളും.