45-ാം ഏകദിന സെഞ്ചുറിയോടെ തന്റെ പ്രതാപകാലം അവസാനിച്ചിട്ടില്ലെന്ന് ബാറ്റുകൊണ്ട് അടിവരയിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഇതോടെ സച്ചിന് തെന്‍ഡുല്‍ക്കര്‍ – കോഹ്ലി താരതമ്യവും വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.
കോഹ്ലി സച്ചിനേക്കാള്‍ ഏകദിന സെഞ്ചുറികള്‍ നേടുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏകദിനത്തില്‍ 49 തവണയാണ് സച്ചിന് മൂന്നക്കം കടന്നിട്ടുള്ളത്.
“ഇത് റെക്കോര്‍ഡുകളുടെ കാര്യമല്ല. നോക്കു കളി നിയമങ്ങള്‍ മാറിയിരിക്കുന്നു. കോഹ്ലി ഉറപ്പായും സച്ചിനേക്കാള്‍ സെഞ്ചുറികള്‍ ഏകദിനത്തില്‍ നേടും,” സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് ഷോയില്‍ ഗംഭീര്‍ പറഞ്ഞു.
“കാലഘട്ടങ്ങളെ താരതമ്യം ചെയ്യരുത്. അന്ന് ഒരു ന്യൂബോള്‍ മാത്രമായിരുന്നു, ഇന്ന് രണ്ടെണ്ണമുണ്ട്. കൂടാതെ അഞ്ച് ഫീല്‍ഡര്‍മാരെയാണ് ഇന്‍സൈഡ് സര്‍ക്കിളില്‍ നിര്‍ത്താന്‍ പറ്റുന്നത്. പക്ഷെ, കോഹ്ലി തീര്‍ച്ചയായും ഏകദിന ഫോര്‍മാറ്റിലെ ഒരു മാസ്റ്റര്‍ തന്നെയാണ്. അത് അദ്ദേഹം ഇത്രയും കാലയളവുകൊണ്ട് തെളിയിച്ചു കഴിഞ്ഞു,” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഷോയിലെ മറ്റൊരു പാനലിസ്റ്റ് സഞ്ജയ് മഞ്ജരേക്കറായിരുന്നു. “കോഹ്ലി ഏകദിനത്തില്‍ ഒരു ഓപ്പണറല്ല, അതും നമ്മള് പരിഗണിക്കേണ്ടതുണ്ട്. മൂന്നാം നമ്പറിലെത്തിയാണ് നേട്ടങ്ങള്‍. സച്ചിന്റെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമെന്നതില്‍ സംശയമില്ല. ഒപ്പമെത്താന്‍ വെറും നാല് സെഞ്ചുറികള്‍ മതി. അത് ഒന്നര വര്‍ഷത്തിനുള്ളില്‍ സംഭവിക്കാം. കൂടാതെ ഏകദിന ലോകകപ്പും വരുന്നു, പെട്ടെന്ന് തന്നെ അത് സംഭവിക്കും,” അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലായിരുന്നു കോഹ്ലി തന്റെ 45-ാം ഏകദിന ശതകം കുറിച്ചത്. 87 പന്തില്‍ 113 റണ്‍സാണ് താരം നേടിയത്. 12 ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.