കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുല്‍ദീപ് യാദവ് വളരെ വിരളമായി മാത്രമാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഐപിഎല്ലിലും താരം തിരിച്ചടി നേരിട്ടു. 2020, 2021 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഡഗൗട്ടിലായിരുന്നു താരത്തിന്റെ സ്ഥാനം. എന്നാല്‍ നടപ്പ് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഇതിനോടകം 17 വിക്കറ്റുകള്‍ താരം പിഴുതു. വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും.
കുല്‍ദീപിന്റെ തിരിച്ചുവരവിന് പിന്നിലെന്താണ് കാരണമെന്ന് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. കുല്‍ദീപിന്റെ ബാല്യകാല പരിശീലകന് കപില്‍ ദേവ് പാണ്ഡെ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കാണ് നന്ദി പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലേക്ക് കുല്‍ദീപിനെ ചേര്‍ത്ത് കരിയര്‍ തന്നെ രോഹിത് രക്ഷപ്പെടുത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
“എന്നൊക്കെ ടീം നായകന് കുല്‍ദീപില്‍ വിശ്വാസം അര്പ്പിച്ചൊ അന്നൊക്കെ അവന് തിളങ്ങിയിട്ടുണ്ട്. കുല്‍ദീപിന് ടെസ്റ്റിലും മികച്ച റെക്കോര്‍ഡുണ്ട്. ഏകദിനത്തില്‍ രണ്ട് ഹാട്രിക്കും നേടി. ട്വന്റി-20യിലും തിളങ്ങി. എന്നിട്ടും അവസരങ്ങള്‍ കുല്‍ദീപിന് ലഭിച്ചില്ല. അത് വളരെയധികം ഞെട്ടിച്ച ഒന്നാണ്. കുല്‍ദീപിന്റെ കരിയര്‍ രക്ഷിച്ചത് രോഹിത് ശര്‍മ. കുല്‍ദീപിന്റെ തിരിച്ചുവരവിന് കാരണവും രോഹിതാണ്. അയാള്‍ മികച്ച നായകനാണ്, കഴിവുള്ളവരെ കണ്ടുപിടിക്കാന്‍ മികവുണ്ട്. ഐപിഎല്ലിന് തൊട്ടുമുന്നോടിയായി രോഹിത് കുല്‍ദീപിനെ ടീമിലേക്ക് വിളിച്ചു. രണ്ട് വിക്കറ്റ് നേടി കുല്‍ദീപ് മികവ് കാണിച്ചു,” കപില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
“രോഹിത് കുല്‍ദീപില്‍ ശ്രദ്ധ പുലര്‍ത്തി. കുല്‍ദീപിന്റെ യൊ യൊ ടെസ്റ്റും മറ്റ് തയാറെടുപ്പുകളും നിരീക്ഷിച്ചു. കുല്‍ദീപിന്റെ തയാറെടുപ്പില്‍ രോഹിത് തൃപ്തനായിരുന്നു. കുല്‍ദീപിന്റെ തിരിച്ചുവരവില്‍ രോഹിതാണ് കയ്യടി അര്‍ഹിക്കുന്നത്. രോഹിത്, പോണ്ടിങ്, പന്ത് എന്നിവരുടെ പിന്തുണയില്ലായിരുന്നെങ്കില് കുല്‍ദീപ് ഇന്ന് ഇവിടെ എത്തില്ലായിരുന്നു,” കപില്‍ കൂട്ടിച്ചേര്‍ത്തു.
“എല്ലാ നായകന്മാര്ക്കും അവരുടേതായ രീതികളുണ്ട്. വിരാട് കോഹ്ലിയുടെ കീഴില്‍ കുല്‍ദീപ് ഒരുപാട് കളിച്ചിട്ടുണ്ട്. പക്ഷെ കോഹ്ലിക്ക് പരിചയസമ്പത്തുള്ളവരെയായിരുന്നു താത്പര്യം. അശ്വിനും ജഡേജയ്ക്കും മുന്‍ഗണന നല്കി. അക്സര്‍ പട്ടേലിന് ബാറ്റ് ചെയ്യാന്‍ കഴിവുള്ളതിനാല്‍ കുല്‍ദീപിനെ തഴഞ്ഞു. ഒരു നായകന് കളിക്കാരെ വിശ്വസിക്കണം,” അദ്ദേഹം വ്യക്തമാക്കി.