കാലം മാറിയിട്ടും കളത്തില്‍ കലിപ്പ് വിടാത്ത താരമാണ് വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും അത് ആവര്‍ത്തിച്ചു. ഇത്തവണം ഫീല്‍ഡ് ചെയ്യുന്നതിനിടെ ആയിരുന്നില്ല കോഹ്ലിയുടെ ദേഷ്യം. ഔട്ടായി പുറത്തായതിന് പിന്നാലെയായിരുന്നു.
മെഹദി ഹസന് മിറാസിന്റെ പന്തില്‍ ഫോര്‍വേഡ് ഷോട്ട് ലെഗില്‍ ക്യാച്ച് നല്‍കിയായിരുന്നു കോഹ്ലി പുറത്തായത്. കോഹ്ലിയുടെ വിക്കറ്റ് ബംഗ്ലാദേശ് താരങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. പക്ഷെ ആഘോഷം കണ്ട കോഹ്ലി കളം വിടാന്‍ തയാറായില്ല.
ബംഗ്ലാദേശ് താരങ്ങളുടെ നേര്‍ക്ക് നടന്ന് ചെന്ന് ദേഷ്യത്തില്‍ എന്തൊക്കെയോ താരം പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുന്‍പ് അമ്പയര്‍മാരുടെ ഇടപെടലുണ്ടായി. എന്നിട്ടും കോഹ്ലി തണുത്തില്ല. ഒടുവില്‍ ബംഗ്ലാദേശ് നായകന് ഷക്കിബ് അല്‍ ഹസനും കോഹ്ലിക്കടുത്തേക്കെത്തി.
22 പന്തില്‍ കേവലം ഒരു റണ്‍സ് മാത്രമെടുത്താണ് കോഹ്ലി പുറത്തായത്. പരമ്പരയില്‍ തിളങ്ങാനുള്ള അവസാന അവസരമായിരുന്നു കോഹ്ലിക്കിത്. എന്നാല്‍ താരത്തിന് രണ്ടക്കത്തിലേക്കെത്താന്‍ പോലും സാധിച്ചില്ല.
ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 45 എന്ന നിലയിലാണ്. ആറ് വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ 100 റണ്‍സ് കൂടി നേടിയാല്‍ വിജയം സ്വന്തമാക്കാം.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ ഉജ്വല ജയം നേടിയിരുന്നു.