ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടു കളഞ്ഞ അര്‍ഷദീപ് സിങ്ങിന് പിന്തുണയുമായി വിരാട് കോഹ്ലി. കളിയുടെ 18-ാം ഓവറിലായിരുന്നു നിസാരമെന്ന് തോന്നുന്ന ക്യാച്ച് അര്‍ഷദീപിന് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കാതെ പോയത്. പിന്നാലെ ആസിഫ് ടീമിന്റെ വിജയശില്പിയാവുകയും ചെയ്തു.
“വലിയൊരു കളിയാണ്, സാഹചര്യവും സമ്മര്‍ദ്ദം നല്കുന്ന ഒന്നായിരുന്നു, ആരുവേണമെങ്കിലും അത്തരം തെറ്റുകള്‍ വരുത്താം,” കോഹ്ലി പറഞ്ഞു. തന്റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെയുണ്ടായ ഒരു സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു താരത്തിന്റെ വിശദീകരണം.
“എന്റെ കന്നി ചാമ്പ്യന്‍സ് ട്രോഫി, ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരയായിരുന്നു. ഷഹീദ് അഫ്രിദിക്കെതിരെ വളരെ മോശമൊരു ഷോട്ടാണ് ഞാന്‍ കളിച്ചത്. അന്ന് മത്സര ശേഷം പുലര്‍ച്ചെ വരെ ഞാന്‍ സീലിങ്ങില്‍ നോക്കി കിടക്കുകയായിരുന്നു. എനിക്ക് ഉറങ്ങാനായില്ല. എന്റെ കരിയര്‍ അവസാനിച്ചെന്നാണ് കരുതിയത്. ഇത്തരം കാര്യങ്ങല്‍ സ്വാഭാവികമാണ്,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.
“ടീമിനുള്ളില്‍ പോസിറ്റീവായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് നായകന് രോഹിത് ശര്‍മയ്ക്കും മാനേജ്മെന്റിനും കോഹ്ലി നന്ദി പറയുകയും ചെയ്തു. എല്ലാവരേയും സുരക്ഷിതമാക്കുന്ന ഒരു അന്തരീക്ഷം ടീമിനുള്ളില്‍ സൃഷ്ടിക്കാന്‍ ക്യാപ്റ്റനും മാനേജ്മെന്റിനുമായിട്ടുണ്ട്. നിങ്ങള്‍ പിഴവ് വരുത്തും, അത് മനസിലാക്കും, മുന്നോട്ട് പോകും. ഇത്തരം സാഹചര്യങ്ങളെ ഇനിയും നേരിടും,” കോഹ്ലി വ്യക്തമാക്കി.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നാളെ ശ്രിലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.