മുംബൈ: ലോകകപ്പിന് മുന്നോടിയായി ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക നല്കിയതായിരുന്നു കേദാര്‍ ജാദവിന്റെ പരുക്ക്. കരിയറിലുടനീളം ജാദവിന് പരുക്ക് വില്ലനായിട്ടുണ്ട്. പരുക്ക് മൂലം നഷ്ടപ്പെട്ട അവസരങ്ങളും നിരവധിയാണ്. ഇത്തവണ ലോകകപ്പിന് മുന്നോടിയായി നേരിട്ട പരുക്ക് താരത്തിന് വലിയൊരു അവസരം തന്നെ നഷ്ടമാക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. കേദാര്‍ പരുക്കില്‍ നിന്നും മുക്തനാകില്ലെന്നും ഇതോടെ ഇന്ത്യ പകരക്കാരനെ തേടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേദാറിന് പകരം അമ്പാട്ടി റായിഡുവിനെയോ അക്സര്‍ പട്ടേലിനെയോ ടീമിലെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം കേദാറിന് പകരക്കാരനെ കണ്ടെത്തുന്നതിന്റെ തിരക്കിലായിരുന്നു. എന്നാല്‍ കേദാറിന്റെ പകരക്കാരനെ കണ്ടെത്താന്‍ ആരും ബുദ്ധിമുട്ടേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ. താരം പരിപൂര്‍ണ ആരോഗ്യവാനാണെന്നും ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ കേദാര്‍ ജാദവിന് ഇടത് തോളിന് പരുക്കേറ്റതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കകളുണര്ന്നത്. കളിക്കിടെ പരുക്കേറ്റ താരം ഉടനെ തന്നെ മൈതാനം വിടുകയും പിന്നീട് കളിച്ചിരുന്നില്ല. ഇതോടെയാണ് താരം ലോകകപ്പിനുണ്ടാകില്ലെന്ന് അഭ്യൂഹം പരന്നത്. എന്നാല്‍ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം താരം ആരോഗ്യവാനും ലോകകപ്പിന് പോകുന്ന ടീമിനൊപ്പമുണ്ടാവുകയും ചെയ്യും.
Singham Kedar has been declared fit and will travel to England for the #CWC2019! After the dramatic shoulder injury sustained while fielding in the last league game of IPL, KJ has recovered just in time to join the #MenInBlue! To many many crucial runs and wickets! #WhistlePodu pic.twitter.com/r9guGEu6nx
— Chennai Super Kings (@ChennaiIPL) May 18, 2019
”കേദാര്‍ ജാദവിന്റെ പരുക്ക് ഗുരുതരമല്ല. താരം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ലോകകപ്പിനായി തിരഞ്ഞെടുത്ത 15 പേരും ഇംഗ്ലണ്ടിലേക്ക് പോകും” എന്നാണ് ടീം വൃത്തം അറിയിച്ചത്. വ്യാഴാഴ്ചയായിരുന്നു ടീം ഫിസിയോ പാട്രിക് ഫാര്‍ഹാര്‍ട്ട് കേദാര്‍ ജാദവിന്റെ ആരോഗ്യ നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് പ്രകാരം താരം ആരോഗ്യവാനാണെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു.
ശ്രീലങ്കയ്ക്കെതിരെ 2014 നായിരുന്നു കേദാര്‍ ജാദവിന്റെ അരങ്ങേറ്റം. 59 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കേദാര്‍ 1174 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മധ്യനിരയില്‍ നിര്‍ണായകമാണ് കേദാര്‍ ജാദവ്.