ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്‌രിവാലയയെ ജീവിത സഖിയാക്കാൻ തീരുമാനിച്ച വിവരം കരുൺ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. ഗോവയിൽവച്ച് സനയയോട് വിവാഹ അഭ്യർഥന നടത്തുന്ന വീഡിയോയും കരgൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇരുവരും ഒന്നിച്ചുളള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അടുത്ത വർഷം ജനുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. രാജസ്ഥാനിൽവച്ചായിരിക്കും വിവാഹം. ക്രിക്കറ്റ് ലോകത്തുനിന്നും കരുണിന്റെ അടുത്ത സുഹൃത്തുക്കൾ വിവാഹത്തിനു പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
27 കാരനായ കരുൺ നായർ മലയാളിയാണ്. ചെങ്ങന്നൂർ സ്വദേശികളായ കലാധരൻ നായരുടെയും പ്രേമ നായരുടെയും മകനാണ്. 2016 ൽ ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടിയതോടെയാണ് ശ്രദ്ധേയനായത്. സെഞ്ചുറി പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിൽ താരത്തിന് ഇടം ലഭിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റുകളിലാണ് കരുൺ നായർ ഇപ്പോൾ കളിക്കുന്നത്. രഞ്ജി ട്രോഫിയിൽ കർണാടക താരമാണ് കരുൺ. കഴിഞ്ഞ വർഷം ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു.