ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. കെ. എല്‍ രാഹുലിന് പരിക്ക് പറ്റിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഉപനായകനാകും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ അഭാവത്തിലാണ് യുവനിരയുമായി ഇന്ത്യ ഇറങ്ങുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ഹാര്‍ദിക്കും ദിനേഷ് കാര്‍ത്തിക്കുമെല്ലാം ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഐപിഎല്ലിലെ ഓള് റൗണ്ട് പ്രകടനത്തിന്റെ പിന്‍ബലമുണ്ടായിട്ടും രവിചന്ദ്രന്‍ അശ്വിന് അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചില്ല. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
“അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത് നിരശാപ്പെടുത്തി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു അശ്വിന്, അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലുമാണ്. ഒരു ലെഗ് സ്പിന്നറെ ഒഴിവാക്കി അശ്വിനെ ടീമിന്റെ ഭാഗമാക്കാമായിരുന്നു. ന്യൂ ബോളില്‍ ആദ്യ ആറ് ഓവറില്‍ അശ്വിനെ ഉപയോഗിക്കാം. ബാറ്റ് ചെയ്യാനുള്ള മികവും ഉപകാരപ്രദമായേനെ,” കൈഫ് സ്പോര്ട്സ്കീഡയോട് വ്യക്തമാക്കി.
“ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര യുവതാരങ്ങള്‍ക്ക് മികച്ച് അവസരമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയെ നേരിടുന്ന യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ള പലതാരങ്ങളും ഐപിഎല്ലിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും തമ്മില്‍ പരസ്പരമറിയാവുന്നതാണ്,” കൈഫ് കൂട്ടിച്ചേര്‍ത്തു.
“മികച്ച ടീമിനെതിരെ സമ്മര്‍ദമുണ്ടാകുന്ന സാഹചര്യത്തില്‍ യുവതാരങ്ങള്‍ എങ്ങനെ കളിക്കുമെന്ന് കാണാം. ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ടര്‍മാരെ ഈ പരമ്പര സഹായിക്കും,” കൈഫ് പറഞ്ഞു.