/indian-express-malayalam/media/media_files/uploads/2021/08/Jasprit-Bumrah-FI-1.jpg)
Photo: Facebook/ Indian Cricket Team
നോട്ടിങ്ഹാം: ലോക ക്രിക്കറ്റില്‍ വ്യത്യസ്തമായ ബോളിങ് ശൈലികൊണ്ടും പ്രകടന മികവിനാലും തന്റേതായ സ്ഥാനം നേടിയ താരമാണ് ജസ്പ്രിത് ബുംറ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് നേടി താരം തിരിച്ചു വന്നുവെന്ന പ്രചാരണത്തിനോട് കെ.എല്‍.രാഹുലിന് യോജിപ്പില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബുംറയ്ക്ക് കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ബുംറയുടെ തിരിച്ചു വരവിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനായിരുന്നു കെ.എല്‍.രാഹുലിന്റെ മറുപടി.
"നിങ്ങള്‍ എന്തുകൊണ്ടാണ് ബുംറ തിരിച്ചു വന്നുവെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല. എല്ലാ സമയത്തും, ഏത് സാഹചര്യത്തിലും ബുംറ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. അയാള്‍ എന്ത് ചെയ്തിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും, ബുംറ ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിവുള്ളയാളാണ്," രാഹുല്‍ പറഞ്ഞു.
"ടോസ് നഷ്ടപ്പെട്ടെങ്കിലും നല്ല രീതിയില്‍ പന്തെറിയാന്‍ സാധിച്ചു. മുഹമ്മദ് ഷമിയും ബുംറയും തന്ന തുടക്കം മുതലെടുക്കാന്‍ ഷര്‍ദൂല്‍ ഠാക്കൂറിനും, മുഹമ്മദ് സിറാജിനും കഴിഞ്ഞു. വീഴ്ചകൾ ഉണ്ടായിരുന്നു, പക്ഷെ ആത്മവിശ്വാസം കൈവിടാതെയുള്ള ബോളിങ്ങിന് ഫലമുണ്ടായി," രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
"ഞങ്ങളുടെ പേസ് ബോളിങ് നിരയുടെ പ്രകടനം കാരണമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാനായത്. പദ്ധതികള്‍ക്ക് അനുസരിച്ച് തന്നെ മൈതാനത്ത് കളിക്കാനും, കളിയില്‍ ആധിപത്യം സ്ഥാപിക്കാനും കഴിയുന്നുണ്ട്. അത് വലിയൊരു കാര്യമാണ്," ഇന്ത്യന്‍ ഓപ്പണര്‍ വ്യക്തമാക്കി.
മഴ മൂലം അവസാന ദിനത്തിലെ കളി ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു. അഞ്ചാം ദിനം ഇന്ത്യയ്ക്ക് വിജയിക്കാന്‍ 152 റണ്‍സ് മാത്രമായിരുന്നു വേണ്ടത്. ഒരിക്കല്‍ കൂടി മഴ വിരാട് കോഹ്ലിയുടേയും സംഘത്തിന്റേയും വിജയ സാധ്യതകള്‍ കെടുത്തുകയായിരുന്നു.
Also Read: Tokyo Olympics: ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us