തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ ബാറ്റ്സ്മാനെ സമ്മർദത്തിലാക്കാൻ മിടുക്കനാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചത് ജസ്പ്രീത് ബുംറയായിരുന്നു. എട്ടാമനായി ഇറങ്ങിയ മുഹമ്മദ് സെയ്ഫുദീൻ വെടിക്കെട്ട് ബാറ്റിങ്ങുമായി വിജയലക്ഷ്യത്തിന് അടുത്തെത്തിയപ്പോഴായിരുന്നു ഷമിയുടെ ഇടപെടൽ. 48-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബുംറ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ നായകന് വിശ്വാസത്തോടെ പന്തേൽപ്പിക്കാൻ കഴിയുന്ന താരമാണ് ബുംറ.
അതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. കഠിന ശ്രമമാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് ബുംറ പറയുന്നു. “എല്ലാം ഒരുക്കങ്ങളാണ്. ഞാൻ നെറ്റ്സിൽ വീണ്ടും വീണ്ടും പരിശീലിക്കും. എത്രത്തോളം ചെയ്യുന്നോ അത്രത്തോളം മികച്ചതാകും. നമുക്ക് ഒരിക്കലും അതിൽ മാസ്റ്ററാകാൻ പറ്റില്ല, എന്നാൽ മെച്ചപ്പെടാൻ നിരന്തരം ശ്രമിക്കണം. ആവർത്തനമാണ് പ്രധാനം. വീണ്ടും വീണ്ടും ചെയ്യുക” ജസ്പ്രീത് ബുംറ പറഞ്ഞു.
ബംഗ്ലാദേശിനെതിരെ 28 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 286 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ സെമിയിലേക്ക്.
ഓപ്പണര്‍മാരായ രാഹുലും രോഹിത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്. 180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.