ഏകദിന, ട്വന്റി 20 ടീമുകളില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ സഞ്ജു സാംസണ് തുടരുകയാണ്. ദിനേഷ് കാര്‍ത്തിക്ക്, റിഷഭ് പന്ത് എന്നിവര്‍ക്ക് ബിസിസിഐ മുന്‍തൂക്കം നല്‍കിയതോടെയാണ് ട്വന്റി 20 ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ വാതില്‍ അടഞ്ഞത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദന പരമ്പരയില്‍ അഞ്ചാം സ്ഥാനത്തിറങ്ങി ഉജ്വല പ്രകടനമാണ് മലയാളി താരം ഇതുവരെ പുറത്തെടുത്തത്.
ലഖ്നൗ ഏകദനത്തില്‍ പുറത്താകാതെ 63 പന്തില്‍ 86 റണ്‍സാണ് താരം നേടിയത്. 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് വിജയത്തിന് തൊട്ടരികില്‍ വരെ സഞ്ജു എത്തിച്ചു. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദനത്തിലും സഞ്ജു ഫോം തുടര്‍ന്നു. സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്കി 36 പന്തില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. സീരീസിലെ ടോപ് സ്കോറര്‍ അയ്യരാണെങ്കിലും സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശുന്നത് സഞ്ജുവാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സഞ്ജു. ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ തയാറാകാന്‍ ടീം മാനേജ്മെന്റ് നിര്‍ദേശം നല്‍കിയതായാണ് താരം പറഞ്ഞത്.
“കഴിഞ്ഞ കുറഞ്ഞ വര്‍ഷങ്ങളായ വ്യത്യസ്തമായ റോളുകളാണ് ഞാന്‍ പരീക്ഷിക്കുന്നത്. വിവിധ ടീമുകളില്‍ വിവിധ റോളുകളില്‍ സമയം ചെലവഴിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് ഇത്തരത്തിലുള്ള നിര്‍ദേശമാണ് ലഭിച്ചിട്ടുള്ളത്. ശാരീരികമായി ഞാന്‍ മുന്‍നിര ബാറ്റര്‍ക്ക് വേണ്ട കാര്യങ്ങളാണ് ചെയ്യുന്നത്. എന്നാല്‍ മാനസികമായി മത്സരത്തിന്റെ സാഹചര്യം മനസിലാക്കിക്കൊണ്ട് കളിക്കാനാണ് ശ്രമിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നത് പ്രധാനമാണ്,” സഞ്ജു കൂട്ടിച്ചേര്‍ത്തു.