ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്റെ ശാരീരിക ക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കപില്‍ ദേവ്. “നിങ്ങള്‍ക്ക് ശാരീരിക ക്ഷമതയില്ലെങ്കില്‍ അത് നാണക്കേടാണ്. പ്രത്യേകിച്ചും നായകനായിരിക്കുമ്പോള്‍,” എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവ് കൂടിയായ കപില്‍ വ്യക്തമാക്കി.
“രോഹിത് ഒരു മികച്ച ബാറ്ററാണ്. പക്ഷെ അദ്ദേഹത്തിന്റെ ശാരീരിക ക്ഷമത നോക്കുമ്പോള്‍ അല്‍പ്പം ഭാരം കൂടുതലാണെന്ന് തോന്നുന്നു. പ്രത്യേകിച്ചും ടിവിയില്‍ കാണുമ്പോള്‍. രോഹിത് ഒരു ഉഗ്രന്‍ നായകനും താരവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ശാരീരിക ക്ഷമതയുണ്ടാകണം. വിരാട് കോഹ്ലിയെ നോക്കു. എപ്പോള്‍ കണ്ടാലും നമുക്ക് തോന്നും അദ്ദേഹം ഫിറ്റാണെന്ന്,” കപില്‍ കൂട്ടിച്ചേര്‍ത്തു.
രോഹിതിന്റെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ ലോകത്തിലെ തന്നെ മികച്ചതാണെന്ന് പറയാം, പക്ഷെ ശാരീരിക ക്ഷമതയിലേക്ക് വന്നാല്‍ അങ്ങനെ പറയാന്‍ കഴിയില്ലെന്നും കപില്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
“അദ്ദേഹത്തിന് എല്ലാ കഴിവുകളുമുണ്ടെന്ന് വ്യക്തിപരമായി ഞാന്‍ കരുതുന്നു. പക്ഷെ ശാരീരിക ക്ഷമതയുടെ കാര്യം വരുമ്പോള്‍ ഒരു ചോദ്യചിഹ്നം അവശേഷിക്കുന്നു. ഒരു നായകന്‍ മറ്റ് താരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരാളായിരിക്കണം. ടീം അംഗങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കണം,” കപില്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ കീഴില്‍ 2023 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഏകദിന ലോകകപ്പിന്റെ 13-ാം പതിപ്പ് കൂടിയാണിത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 26-നാണ് അവസാനിക്കുന്നത്. ഇന്ത്യ മാത്രം ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ഐസിസി ലോകകപ്പ് കൂടിയാണിത്.