ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി. ഉജ്വല ഫോമില്‍ തുടരുന്ന ഓസ്ട്രേലിയക്കെതിരെ തന്ത്രങ്ങള്‍ മെനയുകെ രോഹിതിന് അത്ര എളുപ്പമാകില്ല.
“ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ പ്രധാനപ്പെട്ട നാല് മത്സരങ്ങളാണുള്ളത്, പരമ്പര വിജയിക്കുക എന്ന ലക്ഷ്യമാണുള്ളത്. വെല്ലുവിളി മുന്നിലുണ്ട്, ഞങ്ങള്‍ അത് നേരിടാന്‍ തയാറുമാണ്. തയാറെടുപ്പുകള്‍ നന്നായാല്‍ ഫലവുമുണ്ടാകും,” രോഹിത് പറഞ്ഞു.
“ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രോഹിത് പറഞ്ഞു. എല്ലാവരും മികച്ച ഫോമിലാണ്. ആരെയെങ്കിലും മാറ്റി നിര്‍ത്തുക എന്നതും പ്രയാസമാണ്, അതിനാല്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നേക്കാം,” രോഹിത് കൂട്ടിച്ചേര്‍ത്തു.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പ്. വ്യത്യസ്തമായ പിച്ചുകളില്‍ അതിന് അനുസൃതമായ മികവ് ആവശ്യമാണ്, രോഹിത് വ്യക്തമാക്കി.
പിച്ചുമായി ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ക്കും ഇന്ത്യന്‍ നായകന്‍ മറുപടി നല്‍കി. പിച്ചിലല്ല ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും 22 താരങ്ങളും മികവുള്ളവരാണെന്നും രോഹിത് പറഞ്ഞു.
“സ്പിന്നര്‍മാരെ ഉപയോഗിക്കുന്നത് സംബന്ധിച്ച്, വ്യക്തമായ പദ്ധതികളുള്ളത് എപ്പോഴും പ്രധാനമാണ്. എല്ലാവര്‍ക്കും വ്യത്യസ്തമായ തന്ത്രങ്ങളായിരിക്കും. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ ചില സമയം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതായി വന്നേക്കാം, ചിലപ്പോള്‍ ആക്രമിക്കേണ്ടിയും വരും,” രോഹിത് വിശദീകരിച്ചു.
“ക്യാപ്റ്റന്മാര്‍ ബോളര്‍മാരെയും ഫീല്‍ഡര്‍മാരെയും മാറ്റി പരീക്ഷിക്കും. അത് അനുസരിച്ചായിരിക്കണം കളികള്‍. റിഷഭ് പന്തിന്റെ അസാന്നിധ്യം തിരിച്ചടിയാണ്. പന്തിനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരാളെ മധ്യനിരയിലും മുന്‍നിരയിലും ആവശ്യമാണ്,” രോഹിത് പറഞ്ഞു.