വിരാട് കോഹ്ലിക്കെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് പാക്കിസ്ഥാന് ഇതിഹാസ താരം വസിം അക്രം. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെ കോഹ്ലി തിളങ്ങുന്നതിനോട് താത്പര്യമില്ലെന്ന് പറഞ്ഞ അക്രം, വൈകാതെ തന്നെ മുന്‍ ഇന്ത്യന്‍ നായകന് തന്റെ മികച്ച പ്രകടനം വീണ്ടെടുക്കുമെന്നും അഭിപ്രായപ്പെട്ടു.
“കോഹ്ലിക്കെതിരായ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ അനാവശ്യമാണ്. കോഹിലിയുടെ കാലത്തെ മാത്രമല്ല, ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍. ക്ലാസ് എല്ലാക്കാലവും നിലനില്‍ക്കുന്ന ഒന്നാണെന്ന് പറയുന്ന പോലെയാണ് കോഹ്ലിയും,” സ്റ്റാര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ അക്രം വ്യക്തമാക്കി.
2019 ഏകദിന ലോകകപ്പ് വരെ കോഹ്ലിയുടെ ബാറ്റിങ് ശരാശരി 60 ന് അടുത്തായിരുന്നു. എല്ലാല്‍ കഴിഞ്ഞ കുറച്ച് കാലമായി താരത്തിന്റെ ഫോം മങ്ങിയിട്ടുണ്ട്. അവസാന സെഞ്ചുറിക്ക് ശേഷം ഏകദിനത്തല്‍ 35 ന് മുകളില്‍ മാത്രമാണ് കോഹ്ലിയുടെ ശരാശരി. ഇത് സാധരണഗതിയില്‍ മികച്ച ശരാശരിയാണെങ്കിലും കോഹ്ലിയുടെ ചരിത്രത്തിന് യോജിച്ചതല്ല.
ബാബര്‍ അസമിനെ കോഹ്ലിയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചും അക്രം സംസാരിക്കുകയുണ്ടായി.
“താരതമ്യങ്ങള്‍ സാധാരണമാണ്. ഞങ്ങളുടെ കാലത്ത് ആരാധകര്‍ ഇന്‍സമാം ഉള് ഹഖ്, രാഹുല്‍ ദ്രാവിഡ്, സച്ചിന് തെന്‍ഡുല്‍ക്കര്‍ എന്നിവരെയാണ് താരതമ്യം ചെയ്തിരുന്നത്. അതിന് മുന്‍പും ഇത്തരം പ്രവണത നിലനിന്നിരുന്നു. ബാബര്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. ശാരീരക ക്ഷമതയും മുന്നേറാനുള്ള ആവേശവുമുണ്ട്. എന്നാല്‍ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനായിട്ടില്ല,” അക്രം വ്യക്തമാക്കി.