ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയില്ലെന്നും ആവശ്യത്തിന് റണ്‍സ് നേടാന്‍ സാധിച്ചില്ലെന്നും രോഹിത് പറഞ്ഞു. 117 റണ്‍സ് മാത്രം നേടാന്‍ കഴിയുന്ന ഒരു പിച്ചായിരുന്നില്ല, വിക്കറ്റുകള്‍ തുടരെ വീണത് തിരിച്ചടിയായെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
“ശുഭ്മാന്റെ വിക്കറ്റ് ആദ്യ ഓവറില്‍ നഷ്ടമായതിന് പിന്നാലെ എനിക്കും വിരാടിനും വളരെ വേഗത്തില്‍ 35 റണ്‍സ് നേടാന്‍ കഴിഞ്ഞു. പക്ഷെ ഞാന്‍ പുറത്തായതോടെ തുടരെ വിക്കറ്റുകള്‍ വീണു. അത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. അത്തരം സാഹചര്യങ്ങളില്‍ നിന്ന് തിരിച്ചു വരുന്നത് ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നില്ല,” രോഹിത് വിശദീകരിച്ചു.
ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ അഭിനന്ദിക്കാനും രോഹിത് മടിച്ചില്ല. “സ്റ്റാര്‍ക്ക് മികച്ച ബോളാറാണ്. ന്യൂബോളില്‍ അദ്ദേഹം ഓസ്ട്രേലിക്കായി തിളങ്ങുന്നത് തുടരുകയാണ്”, രോഹിത് പറഞ്ഞു.
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ അനായാസമാണ് ജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഓസീസ് മറികടന്നത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും (51), മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിങ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആതിഥേയരുടെ ടോപ് സ്കോറര്‍.