2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാകാന്‍ ഏറ്റവും സാധ്യതയുള്ള താരമാണ് ഇഷാന് കിഷനെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ. ബംഗ്ലാദേശിനെതിരെ ഇഷാന് നേടിയ ഇരട്ട സെഞ്ചുറിയാണ് ലീയെ ഈ അഭിപ്രായത്തിലേക്ക് നയിച്ചത്. തീര്‍ച്ചയായും ഇഷാന് ലോകകപ്പ് ടീമിന്റെ ഭാഗമാകണമെന്നും മുന്‍ താരം പറഞ്ഞു.
“ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയാണ് ഇഷാന് നേടിയത്. അടുത്ത കുറച്ച് മാസങ്ങളില്‍ സ്ഥിരതയോടെ ബാറ്റ് വീശുകയും ശാരീരിക ക്ഷമത നിലനിര്‍ത്തുകയും ചെയ്തി ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാകാന്‍ ഇഷാന് കഴിയും,” തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഓസിസ് പേസ് ബോളര്‍ വ്യക്തമാക്കി.
മോശം ഫോമില്‍ ഏറെ നാളായി തുടരുന്ന മുതിര്‍ന്ന താരം കെ എല്‍ രാഹുലിന് പകരക്കാരനായാണ് ഇഷാന് എത്തേണ്ടതെന്ന് ചെറിയ സൂചനയും ലീ നല്കി.
“ഇഷാന് കിഷന്റെ ഇന്നിങ്സ് ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു. അതിന് മറുപടി നല്കാന് പോലും ബംഗ്ലാദേശിന് കഴിഞ്ഞില്ല. 132 പന്തുകളില്‍ നിന്നാണ് 210 റണ്‍സ് നേടിയത്. അതും 24 ഫോറുകളും 10 സിക്സും ഉള്‍പ്പടെ,” ലീ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു ഇഷാന്റെ ഇന്നിങ്സ്. പരിക്കേറ്റ നായകന് രോഹിത് ശര്‍മയ്ക്ക പകരക്കാരനായെത്തിയാണ് ഇഷാന് ഇരട്ട സെഞ്ചുറി പ്രകടനം കാഴ്ചവച്ചത്.
“ഭാവി മുന്നില്‍ കണ്ട് വേണം ഇഷാനെ പിന്തുണയ്ക്കാന്‍. ഒരുപാട് പുകഴ്ത്തലുകള്‍ വീഴ്ചയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അതിനാല്‍ എനിക്ക് ഇഷാന് നല്‍കാനുള്ള ഉപദേശം ഇതാണ്, നാഴികക്കല്ലിനെക്കുറിച്ച് മറക്കുക, കഴിയുന്നത്ര വേഗം ഇരട്ട സെഞ്ചുറി തലയില്‍ നിന്ന് ഒഴിവാക്കുക. ഇതിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബാക്കിയുണ്ട്,” ലീ കൂട്ടിച്ചേര്‍ത്തു.